Quantcast

കീരേലിമലയിലെ 28 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍

MediaOne Logo

Jaisy

  • Published:

    5 April 2018 10:43 AM GMT

കീരേലിമലയിലെ 28 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍
X

കീരേലിമലയിലെ 28 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍

കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക

എറണാകുളം ജില്ലാ കലക്ട്രേറ്റിന് സമീപം കീരേലിമലയിലെ 28 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നു. മലയുടെ താഴെയും മുകളിലുമുള്ള കുടുംബങ്ങളാണ് മഴ ശക്തിപ്പെടുന്നതോടെ ഭയത്തോടെ കഴിയുന്നത്. കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ വന്‍ ദുരന്തമാകും സംഭവിക്കുക. എന്നാല്‍ സുരക്ഷിത ജീവിതം ഉറപ്പാക്കാന്‍ മതില്‍ കെട്ടണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.

17 വർഷം മുന്‍പ് പള്ളിയുടെയും പഞ്ചായത്തിന്റെയും ശ്മശാനങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 21 കുടുംബങ്ങളെയാണ് കീരേലി മലയുടെ താഴെ മണ്ണെടുത്ത കുഴിയില് രണ്ട് സെന്റ് വീതം ഭൂമി നല്കി പുനരധിവസിപ്പിച്ചത്. 68 പടികളിറങ്ങി വേണം ഇവർക്ക് പുറത്തേക്ക് കടക്കാന്‍. ഓരോ മഴക്കാലത്തും ജീവന് കയ്യില്‍ പിടിച്ചാണ് ഇവർ കഴിഞ്ഞുകൂടുന്നത്. 2002ല്‍ മണ്ണിടിഞ്ഞുവീണപ്പോള്‍ നവാസും കുടുംബവും താമസിച്ചിരുന്ന വീട് മണ്ണിനടിയിലായി.

സിവില്‍ സ്റ്റേഷന്‍ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് മലയുടെ മുകളില്‍ താമസിക്കുന്നത്. മണ്ണിടിച്ചില്‍ തടയാന് നടപടി വേണമെന്നാവശ്യപ്പെട്ട് 21 കോളനിയിലെ വീട്ടുകാർ തെരഞ്ഞെടുപ്പ് ബഹിഷ്കരണം അടക്കം നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഇതുവരെ ഫലമുണ്ടായില്ല. മഴ മാത്രമല്ല മുകളില്‍ പടർന്ന് നില്ക്കുന്ന മരങ്ങളില്‍ കാറ്റടിച്ചാലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. മണ്ണിടിഞ്ഞ് വീണാല്‍ മുകളിലും താഴെയുമുള്ള വീട്ടുകാരെ ബാധിക്കുന്ന വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്.

ചുറ്റും മതില്‍ കെട്ടി കല്ലറ പോലെയുള്ള സ്ഥലത്താണ് 21 കുടുംബങ്ങള്‍ ഓരോ ദിവസവും ജീവന്‍ മുറുകെപ്പിടിച്ച് കഴിയുന്നത്. ഇവർക്ക് സുരക്ഷിതമായി ജീവിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും നഗരസഭാ അധികൃതരും മാത്രമല്ല, അവർ കുടിയൊഴിഞ്ഞിടത്ത് ശ്മശാനം നിർമിച്ച മലങ്കര കാതോലിക്ക സഭയും തയ്യാറായിട്ടില്ലെന്നാണ് കോളനി വാസികളുടെ പരാതി.

TAGS :

Next Story