കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണം: ലൈംഗിക പീഡനമെന്ന വാക്ക് റിമാന്‍റ് റിപ്പോര്‍ട്ടിലില്ല
കുണ്ടറ ബലാത്സംഗക്കേസിലെ റിമാന്‍റ് റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം. ലൈംഗിക പീഡനമെന്ന വാക്ക് റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി.
കുണ്ടറ പീഡനക്കേസില്‍ പ്രതിയുടെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ അപാകതയെന്ന് ആക്ഷേപം. ലൈംഗിക പീഡനമെന്ന് ഒഴിവാക്കി ലൈംഗിക കടന്നുകയറ്റത്തിലൂടെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുത്തച്ഛന്റെ ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒമ്പത് പേജുള്ള റിമാന്‍റ് റിപ്പോര്‍ട്ട് കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറാണ് തയ്യാറാക്കിയത്.
കുണ്ടറയിലെ 10 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റിമാന്‍റ് റിപ്പോര്‍ട്ടില്‍ ഈ വാക്ക് ഒഴിവാക്കപ്പെട്ടു. മുത്തച്ഛന്‍ നടത്തിയത് ലൈംഗിക കടന്നുകയറ്റത്തിനായുള്ള ആക്രമണം എന്നാണ് റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നത്. ലൈംഗിക പീഡനമെന്ന് ഉപയോഗിക്കാത്തത് വിചാരണ വേളയില്‍ പ്രതിയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ പീഡനത്തിന്റെ വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ടല്ല, അവസാനത്തെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം പെണ്‍കുട്ടി നിരന്തര ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു വര്‍ഷത്തോളം സ്വന്തം വീട്ടില്‍വെച്ചും മകളുടെ വീട്ടില്‍ വെച്ചുമായിരുന്നു പീഡനം. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും പ്രതി 10 വയസുകാരിയെ വിധേയമാക്കി.
നിരന്തര പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചിന്തിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
Adjust Story Font
16