Quantcast

കൊട്ടാക്കമ്പൂര്‍ കേസ് അന്വേഷിക്കുന്നത് നിരവധി തവണ അച്ചടക്ക നടപടി ഉദ്യോഗസ്ഥന്‍

MediaOne Logo

Sithara

  • Published:

    6 April 2018 9:57 AM GMT

കൊട്ടാക്കമ്പൂര്‍ കേസ് അന്വേഷിക്കുന്നത് നിരവധി തവണ അച്ചടക്ക നടപടി ഉദ്യോഗസ്ഥന്‍
X

കൊട്ടാക്കമ്പൂര്‍ കേസ് അന്വേഷിക്കുന്നത് നിരവധി തവണ അച്ചടക്ക നടപടി ഉദ്യോഗസ്ഥന്‍

സര്‍വീസ് ബുക്കില്‍ ഡിവൈഎസ്പി എസ് അഭിലാഷ് ആറ് തവണ അച്ചടക്ക നടപടി നേരിട്ടതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്

കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് അന്വേഷിക്കുന്ന ഡിവൈഎസ്പി എസ് അഭിലാഷ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടതായി വിവരാവകാശ രേഖകള്‍. സര്‍വീസ് ബുക്കില്‍ ഡിവൈഎസ്പി എസ് അഭിലാഷ് ആറ് തവണ അച്ചടക്ക നടപടി നേരിട്ടതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതും അന്വേഷണം അട്ടിമറിച്ചതും ഉള്‍പ്പെടെ നിരവധി പരാതികളും ഡിവൈഎസ്പിക്കെതിരെ നേരത്തെ ഉയര്‍ന്നിട്ടുണ്ട്.

ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതിക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരത്തെ സര്‍വീസില്‍ നടത്തിയ വീഴ്ചകളുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. ആറ് തവണ വകുപ്പുതല നടപടിക്ക് വിധേയനായി. ഇതിന്റെ ഭാഗമായി മൂന്ന് തവണ ശമ്പളം തടഞ്ഞുവെക്കുകയും മൂന്ന് തവണ താക്കീത് നേരിടുകയും ചെയ്തു. 2015ല്‍ ദലിത് യുവാവിനെ റിയല്‍ എസ്റ്റേറ്റ് മാഫിയ മര്‍ദിച്ചുവെന്ന പരാതിയിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. അഭിലാഷിനെതിരെ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അതോറിറ്റി ഉത്തരവിട്ടിരുന്നു. നടപടികളൊന്നുമുണ്ടായില്ല.

സ്റ്റേഷനില്‍ മര്‍ദിച്ചുവെന്ന അഭിലാഷിനെതിരായ വാഴയൂര്‍ സ്വദേശിയുടെ പരാതിയിലും കഴമ്പുണ്ടെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിറ്റി നിരീക്ഷിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകനെതിരെ തേഞ്ഞിപ്പലം പൊലീസ് വ്യാജ കേസുകളെടുക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അഭിലാഷിനായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതല. പരാതിയില്‍ കഴമ്പില്ലെന്ന് കാണിച്ച് അഭിലാഷ് നല്‍കിയ റിപ്പോര്‍ട്ട് റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്ന ആരോപണമുയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ തേഞ്ഞിപ്പലം എസ്ഐയും ഡിവൈഎസ്പി അഭിലാഷും വീഴ്ച വരുത്തിയതായി പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

മൂന്ന് കേസുകളില്‍ ആദ്യത്തെ രണ്ട് കേസുകളില്‍ തൃശൂര്‍ റെയിഞ്ച് ഐജിക്കാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതല. മൂന്നാമത്തെ കേസില്‍ ആരോപണ വിധേയര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്.

TAGS :

Next Story