Quantcast

യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍: ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

MediaOne Logo

Sithara

  • Published:

    14 April 2018 5:13 PM GMT

യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍: ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും
X

യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍: ഉപസമിതി റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

റിപ്പോര്‍ട്ടിന്മേല്‍ ഓരോ വകുപ്പും എടുക്കേണ്ട തീരുമാനങ്ങള്‍ അറിയിക്കാനായി മന്ത്രിമാരുടെ പരിഗണനക്ക് വിട്ടേക്കും.

യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭക്ക് മുന്നിലെത്തും. റിപ്പോര്‍ട്ടിന്മേല്‍ ഓരോ വകുപ്പും എടുക്കേണ്ട തീരുമാനങ്ങള്‍ അറിയിക്കാനായി മന്ത്രിമാരുടെ പരിഗണനക്ക് വിട്ടേക്കും. എഫ്സിഐയിലെ തൊഴിലാളികള്‍ക്ക് അട്ടിക്കൂലി നല്‍കി റേഷന്‍ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയാവും.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗമാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ ഉപസമിതിയെ നിയോഗിച്ചത്. 7 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ഇന്ന് വരുമെങ്കിലും പ്രധാന തീരുമാനങ്ങളിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഇരുന്നൂറലധികം ഉത്തരവുകള്‍ പരിശോധിച്ചതില്‍ പലതും റദാക്കേണ്ടതുണ്ടെന്നും ചില ഉത്തരവുകള്‍ തിരുത്തേണ്ടതുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഓരോ വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ അറിയിക്കാനായി മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ആ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ പോവുക. വിവാദ നടപടികളില്‍ ഏറ്റവും കൂടുതല്‍ റവന്യുവകുപ്പിന്‍റെതാണെന്നാണ് സൂചന.

റേഷനരി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയും മന്ത്രിസഭ ചര്‍ച്ച ചെയ്യും. തൊഴിലാളികള്‍ക്ക് അട്ടിക്കൂലി സംബന്ധിച്ചാണ് ഇപ്പോഴുള്ള തര്‍ക്കം. അട്ടിക്കൂലി നല്‍കി പരിഹരിക്കാനുള്ള തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.

TAGS :

Next Story