ബിപിസിഎല്‍ വികസനത്തിന്റെ മറവില്‍ നിബന്ധനകള്‍ പാലിക്കാതെ പാടം നികത്തുന്നതായി ആരോപണം
ബിപിസിഎല്‍ വികസനത്തിന്റെ മറവില്‍ നിബന്ധനകള്‍ പാലിക്കാതെ പാടം നികത്തുന്നതായി ആരോപണം
നിര്‍മാണത്തിന് വേണ്ടി മറ്റൊരു കുന്ന് ഇല്ലാതാക്കാന്‍ പാടില്ല എന്ന് നിബന്ധനയും ഇവിടെ ലംഘിച്ചിരിക്കുന്നു
കൊച്ചി ഭാരത് പെട്രോളിയം കമ്പനി വികസനത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികളും ഭൂ മാഫിയയും ചേര്‍ന്ന് ഏക്കര്‍ കണക്കിന് പാടങ്ങള്‍ നികത്തുന്നതായി ആരോപണം. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തിരുവാണിയൂര്‍, പുത്തന്‍കുരിശ് വില്ലേജുകളില്‍ വയല്‍ നികത്തുന്നത്. കമ്പനി വിപുലീകരണത്തിനും പെട്രോ കെമിക്കല്‍ ജോയിന്റ് വെഞ്ച്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 58 ഏക്കര്‍ നികത്തുന്നതിന് നല്‍കിയ അനുമതിയുടെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ പാടം നികത്തുന്നത്.
നേരത്തെ കൊച്ചിന്‍ റിഫൈനറി ആയിരുന്ന ബിപിസിഎല്‍ വിപുലീകരിക്കാനും ജോയിന്റ് വെഞ്ച്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുമാണ് ഇവിടെ പാടങ്ങള്‍ നികത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ 58 ഏക്കര്‍ ഭൂമി വ്യവസായ ആവശ്യത്തിന് നികത്തുന്നതിനാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയത്. റിഫൈനറി ജനറല്‍ മാനേജരാണ് പാടം നികത്താനുള്ള അനുമതി തേടിയുള്ള അപേക്ഷ നല്‍കിയിരുന്നത്.
ഉത്തരവ് പ്രകാരം തിരുവാണിയൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 4/2 മുതല്‍ 652 വരെയുള്ള 27.63 ഏക്കര്‍ പാടവും ഇതേ വില്ലേജിലെ തന്നെ സര്‍വേ നമ്പര്‍ 2/2 മുതല്‍ 11/7 വരെയുള്ള 30.1814513 ഏക്കര്‍ പാടവും നികത്താനാണ് കാര്‍ഷികോത്പാദന കമ്മീഷണര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെന്റിന് ഒന്നും രണ്ടും ലക്ഷം രൂപ വരെ നല്‍കിയാണ് വയലായിരുന്ന ഭൂമി കമ്പനി ഏറ്റെടുത്തത്. ഇത് മറയാക്കി ഇരുന്നൂറ് ഏക്കറിലേറെ പാടങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നതായാണ് ആരോപണം ഉയരുന്നത്.
അനധികൃതമായി പാടം നികത്തല്‍ ഉണ്ടായിട്ടില്ലെന്നാണ് ബിപിസിഎല്‍ അധികൃതരുടെ വിശദീകരണം. നല്ല വില കിട്ടുമെന്നതിനാല്‍ അനധികൃതമായി ഭൂമി നികത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
വ്യവസായ ആവശ്യത്തിനു വേണ്ടി ബിപിസിഎല്‍ ഭൂമി നികത്തുന്നത് നിബന്ധനകള്‍ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. തോടുകള്‍ നികത്തിയും കുന്നിടിച്ചും നടത്തുന്ന പാടം നികത്തല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
തിരുവാണിയൂര്‍, പുത്തന്‍കുരിശ് വില്ലേജുകളിലെ തോട് അതേപടി നിലനിര്‍ത്തി സംരക്ഷിക്കണം എന്നതായിരുന്നു ആദ്യ നിബന്ധന. ആവശ്യാനുസരണം മാത്രമേ നിലം പരിവര്‍ത്തനപ്പെടുത്താവൂ എന്നും മറ്റ് സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരാതെ ഇതേ ഭൂമിയിലെ വസ്തുക്കള്‍ തന്നെ നികത്താന്‍ ഉപയോഗിക്കണം എന്നായിരുന്നു രണ്ടാമത്തെ നിബന്ധന. എന്നാല്‍ ഇതും ലംഘിച്ചിരിക്കുന്നു. പുറത്തു നിന്നും മണ്ണ് കൊണ്ടുവന്നാണ് പാടശേഖരം നികത്തിക്കൊണ്ടിരിക്കുന്നത്. നിരവധി ലോറികളാണ് ദിവസവും ഇവിടേക്ക് മണ്ണുമായി എത്തുന്നത്.
കോലഞ്ചേരി പെട്രോള്‍ പമ്പിന്റെ പുറകുവശത്തെ ഈ കുന്നിടിച്ചു നികത്തിയാണ് 20 കിലോമീറ്റര്‍ അകലെ പാടം നികത്തുന്നത്. നിര്‍മാണത്തിന് വേണ്ടി മറ്റൊരു കുന്ന് ഇല്ലാതാക്കാന്‍ പാടില്ല എന്ന് നിബന്ധനയും ഇവിടെ ലംഘിച്ചിരിക്കുന്നു.
കുന്നത്തു നാട്, പിറവം എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഇവിടേക്ക് മണ്ണ് കൊണ്ടുവരുന്നത്. പത്ത് മീറ്ററിലധികം ഉയരത്തില്‍ മണ്ണിട്ട് നികത്തേണ്ടിവരും. നാല് മീറ്ററോളം മണ്ണിട്ട് പൊക്കിക്കഴിഞ്ഞു.
Adjust Story Font
16