നന്ദന്‍കോട് കൂട്ടക്കൊല: 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും
നന്ദന്‍കോട് കൂട്ടക്കൊല: 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും
അതിവേഗത്തില്‍ കുറ്റപത്രം നല്‍കി പരമാവധി ശിക്ഷ കേദല്‍ ജിന്‍സണ്‍ രാജക്ക് ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ ജാമ്യം.....
നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. കേദല്‍ കൊലപാതകം ചെയ്തുവെന്ന് സ്ഥാപിക്കാനുള്ള മുഴുവന്‍ തെളിവുകളും ലഭിച്ചുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു വ്യക്തമാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിവേഗത്തില്‍ കുറ്റപത്രം നല്‍കി പരമാവധി ശിക്ഷ കേദല്‍ ജിന്‍സണ്‍ രാജക്ക് ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ ജാമ്യം ലഭിക്കില്ല. ജയിലില്‍ കിടന്ന് തന്നെ വിചാരണയും നേരിടേണ്ടി വരും. മുന്‍ വൈരാഗ്യം കാരണമാണ് അച്ചനേയും അമ്മയേയും,പെങ്ങളേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വീട്ടില്‍ നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി അടക്കമുള്ള ആയുധങ്ങള്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. മൃതദേഹം കത്തിക്കാന്‍ വേണ്ടി പെട്രോള്‍ വാങ്ങിയ പമ്പിലെ ജീവനക്കാരനും പ്രതിയെ തിരിച്ചറിഞ്ഞു. കൊലക്ക് ശേഷം ചെന്നൈക്ക് രക്ഷപ്പെട്ട പ്രതി താമസിച്ച ലോഡ്ജിലെത്തിച്ചും തെളിവെടുത്തു.
തുടക്കത്തില്‍ കേദല്‍ മൊഴി മാറ്റി പറഞ്ഞിരുന്നത് അന്വേഷണ സംഘത്തെ കുഴക്കിയെങ്കിലും മനശാസ്ത്രജ്ഞരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സമ്മതിക്കുകയായിരുന്നു. സാത്താന്‍ സേവയുടെ ഭാഗമായ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലക്ക് പിന്നിലെന്ന് പ്രതി മൊഴി നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുക.
Adjust Story Font
16