ആര്‍ ബ്ലോക്കിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായില്ല
ആര്‍ ബ്ലോക്കിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായില്ല
വെള്ളംകയറിക്കിടക്കുന്ന കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മരിച്ച ബാബുവിന്റെ മൃതദേഹം പുറംബണ്ടില്‍ ചിതയൊരുക്കി ദഹിപ്പിക്കേണ്ടി വന്ന സംഭവം.
വെള്ളംകയറിക്കിടക്കുന്ന കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മരിച്ച ബാബുവിന്റെ മൃതദേഹം പുറംബണ്ടില്‍ ചിതയൊരുക്കി ദഹിപ്പിക്കേണ്ടി വന്ന സംഭവം. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാവുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായത്. പക്ഷേ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉടന്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ലെന്ന സൂചനയാണ് അധികൃതരുടെ പ്രതികരണങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
മരിച്ച ബാബുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഏറ്റെടുക്കാന്‍ നാട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലത്തെത്തി സംസാരിക്കുകയും എത്രയും വേഗം വെള്ളം വറ്റിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാട്ടുകാരും ബന്ധുക്കളും ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങി ആര്‍ ബ്ലോക്കിലേക്ക് കൊണ്ടു പോയത്. ബാബുവിന്റെ സ്വന്തം സ്ഥലത്തിനോട് ചേര്‍ന്ന് പുറംബണ്ടില്‍ മണ്ണിട്ട് വീതി കൂട്ടി താല്‍ക്കാലിക സംവിധാനമൊരുക്കിയായിരുന്നു സംസ്കാരം.
പെട്ടിയും പറയും വെച്ച് വെള്ളം പെട്ടെന്ന് വറ്റിച്ച് ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ഉടന്‍ നടപ്പാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. എന്നാല്‍ കൂടുതല്‍ മോട്ടോറുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പെട്ടിയും പറയും വെക്കാനുള്ള പണം ജില്ലാ ഭരണകൂടത്തിന്റെ കൈവശമില്ലെന്നുമായിരുന്നു ഈ വിഷയത്തോട് ജില്ലാ കലക്ടറുടെ പ്രതികരണം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ എഴുതി അറിയിച്ചിട്ടുണ്ടെങ്കിലും മറുപടിയില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ആര്‍ ബ്ലോക്കുകാരുടെ പ്രശ്നത്തിന് എപ്പോള്‍ പരിഹാരമുണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Adjust Story Font
16