കൊലയാളി ഗെയിം: മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്ന് മിഥുന്‍റെ പിതാവ്
ബൈക്ക് റൈഡിങ് ഗെയിമിനിടെ അപകടത്തിൽ മരിച്ച മിഥുൻ ഘോഷിന് ഗെയിമിൽ പങ്കെടുക്കാൻ പ്രചോദനമായത് സീനിയർ വിദ്യാർഥിയെന്ന് മിഥുന്‍റെ പിതാവ്
ബൈക്ക് റൈഡിങ് ഗെയിമിനിടെ അപകടത്തിൽ മരിച്ച മിഥുൻ ഘോഷിന് ഗെയിമിൽ പങ്കെടുക്കാൻ പ്രചോദനമായത് സീനിയർ വിദ്യാർഥിയെന്ന് മിഥുന്‍റെ പിതാവ്. ഗെയിമിനെതിരെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്നും മിഥുന്‍റെ പിതാവ് സുഗതൻ പറഞ്ഞു. മിഥുന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
അയെൻ ബട്ട് എന്ന ഓൺലൈൻ ബൈക്ക് ചലഞ്ച് റൈഡിങിനിടെ കർണാടകയിലെ ചിത്രദുർഗയിൽ വെച്ചാണ് മിഥുന് അപകടം സംഭവിക്കുന്നത്. തന്റെ മകന് ഗെയിമിലേക്കെത്താൻ പ്രചോദനമായത് കോളേജിലെ സീനിയർ വിദ്യാർഥിയാണെന്ന് മിഥുന്റെ പിതാവ് എം സുഗതൻ പറയുന്നു. പാമ്പാടി നെഹ്റു കോളജിലെ സീനിയർ വിദ്യാർഥി നേരത്തെ ഈ ചലഞ്ച് പൂർത്തിയാക്കിയിരുന്നെന്നും സുഗതൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
അതേസമയം വീട്ടിൽ അറിയിക്കാതെയുള്ള മിഥുന്‍റെ യാത്രയെ കുറിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് ഗെയിമല്ലെന്നും റൈഡിങ് ചലഞ്ച് മാത്രമാണെന്നുമാണ് സുഹൃത്തുക്കളുടെ വാദം. 24 മണിക്കൂർ കൊണ്ട് 1600 കിലോമീറ്റർ ബൈക്കോടിക്കുക എന്ന ദൗത്യവുമായാണ് മിഥുന്‍ ഇറങ്ങിയത്. മിഥുന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ ഒറ്റപ്പാലത്തെത്തിക്കും. ജൻമനാടായ ചെങ്ങന്നൂരിൽ നാളെ സംസ്കാരം നടക്കും.
Adjust Story Font
16