Quantcast

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില തുച്ഛം

MediaOne Logo

Subin

  • Published:

    21 April 2018 11:47 PM GMT

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില തുച്ഛം
X

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം; സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില തുച്ഛം

ഒറ്റപ്പെട്ട ഇടങ്ങളില്‍ സംഘര്‍ഷം

പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. വ്യവസായ -നിര്‍മാണ മേഖലകള്‍ സ്തംഭിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റുള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതു അവധിയുടെ പ്രതീതി. തീവണ്ടി ഒഴികെ ഗതാഗത സര്‍വീസുകള്‍ക്കെല്ലാം നിര്‍ബന്ധ വിശ്രമം. കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിക്കുന്നതായിരുന്നു തൊഴിലാളി പണിമുടക്ക്.

മുഖ്യമന്ത്രിയും മന്ത്രിമാരും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റില്‍ നിന്ന് വിട്ടുനിന്നു. ജീവനക്കാരെ കൊണ്ടുവരുന്ന ബസ്സുകളുടെ ഗാരേജ് സമരക്കാര്‍ ഉപരോധിച്ചതോടെ ഇതാദ്യമായി വിഎസ്എസ്‍സിയെയും പണിമുടക്ക് ബാധിച്ചു. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടവര്‍ക്ക് മാത്രം പൊലീസിന്റെ ബദല്‍ സംവിധാനം ആശ്വാസമായി.

കൊല്ലത്ത് സ്വകാര്യവാഹനങ്ങളെ വ്യാപകമായി തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഫാക്ടില്‍ ജോലിക്കെത്തിയവരെയും ഓണ്‍ലൈന്‍ ടാക്സിക്കാരെയും പണിമുടക്ക് അനുകൂലികള്‍ തട‍ഞ്ഞത് ഒഴിച്ചാല്‍ മധ്യകേരളത്തിലെ പണിമുടക്ക് സമാധാനപരമായിരുന്നു. ‌

കൊച്ചിയില്‍ വ്യവസായ മേഖലയും നിര്‍മ്മാണമേഖലയും ടൂറിസം മേഖലയും സ്തംഭിച്ചു. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളും ആലപ്പുഴയില്‍ പരമ്പഗത തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. കൊച്ചിയിലും ആലപ്പുഴയിലും ജലഗതാഗതവും തടസപ്പെട്ടു.

പണിമുടക്കില്‍ മലബാറും സ്തംഭിച്ചു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. റെയില്‍വെ സ്റ്റേഷനുകളില്‍ പോലീസ് ബദല്‍ സംവിധാനം ഒരുക്കിയത് യാത്രക്കാര്‍ക്ക് സഹായകരമായി. ജീവനക്കാര്‍ കുറഞ്ഞെങ്കിലും മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല.

TAGS :

Next Story