Quantcast

കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

MediaOne Logo

Sithara

  • Published:

    21 April 2018 1:46 PM GMT

കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു
X

കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

282 പേര്‍ അംഗങ്ങളായ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് എ ഗ്രൂപ്പ് കേന്ദ്ര തെരഞ്ഞടുപ്പ് സമിതിയെ അറിയിച്ചു.

കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. 282 പേര്‍ അംഗങ്ങളായ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്ന് എ ഗ്രൂപ്പ് കേന്ദ്ര തെരഞ്ഞടുപ്പ് സമിതിയെ അറിയിച്ചു. വേണമെങ്കില്‍ പട്ടികയില്‍ പുതിയ അംഗങ്ങളായി എംപിമാര്‍ നിര്‍ദേശിക്കുന്നവരെ ചേര്‍ക്കാമെന്നും എ, ഐ ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചതായാണ് വിവരം. അതേസമയം വാര്‍ത്ത നിഷേധിച്ച് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ രംഗത്തെത്തി.

കെപിസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് എംപിമാര്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കുന്നതിന് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം എം ഹസ്സന്‍, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നേരത്തെ ഒന്നിലധികം തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ ചര്‍ച്ചകള്‍ക്കൊന്നും ആയില്ല. ഏറ്റവും ഒടുവിലായി 282 പേരുടെ പട്ടികയില്‍ ഒരു മാറ്റം വരുത്താന്‍ പാടില്ലെന്ന കര്‍ശന നിലപാട് എ ഗ്രൂപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചതായാണ് വിവരം. നിലപാട് കര്‍ക്കശമല്ലെങ്കിലും പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പും അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

നിലവിലുള്ള പട്ടികയില്‍ നിന്നും ആരെയും ഒഴിവാക്കാതെ എംപിമാര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അധികമായി ചേര്‍ക്കാമെന്ന നിര്‍ദേശം ഇരു ഗ്രൂപ്പുകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഹൈകമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതടക്കമുള്ള സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ 24ന് എഐസിസി പ്രവര്‍ത്തക സമിതി യോഗം ചേരുകയാണ്. നവംബര്‍ ആദ്യ വാരത്തോടെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡണ്ടായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി മിക്ക സംസ്ഥാനങ്ങളിലെയും പുനസ്സംഘടന ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് കേരളം മാത്രം വഴിമുട്ടി നില്‍ക്കുന്നത്.

TAGS :

Next Story