ജിഷ വധകേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ഡിഎന്‍എ സാമ്പിള്‍ കൂടി ലഭിച്ചു
ജിഷ വധകേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ഡിഎന്‍എ സാമ്പിള്‍ കൂടി ലഭിച്ചു
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രണ്ട് രേഖാചിത്രം പൊലീസ് തയ്യാറാക്കി
പെരുമ്പാവൂര്‍ ജിഷ വധകേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ഡിഎന്‍എ സാമ്പിള്‍ കൂടി ലഭിച്ചു. ഇവയ്ക്ക് നേരത്തെ ചുരിദാറില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുമായി സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.
ജിഷയുടെ വിരലിനിടയില്‍നിന്ന് ലഭിച്ച ചര്‍മത്തില്‍ നിന്നും വാതിലിന് സമീപത്ത് തെറിച്ചുവീണ രക്തത്തില്‍ നിന്നുമാണ് പുതിയ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചത്. ഇവ നേരത്തെ ജിഷയുടെ ചുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎന്‍എയുമായി സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇവ കൊലയാളിയുടേതാണെന്നാണ് പൊലീസിന്റെ നിഗമനം.
അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. പ്രദേശ വാസികളില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. ഇവരില്‍ 30 നും 40 നും ഇടയില്‍ പ്രായം കണക്കാക്കപ്പെടുന്ന ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതലായും. ഇയാളെ കുറിച്ച് നേരത്തെതന്നെ പൊലീസിന് മൊഴിലഭിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോള്‍ കാവില്‍ സംശയകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതായി ചില കുട്ടികള്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഇയാള്‍ മതിലുചാടി പോയെന്നുമായിരുന്നു മൊഴി. കൊലപാതകത്തിനുശേഷം രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഇയാളെ വീണ്ടും ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ടതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇയാള്‍ ഇതര സംസ്ഥാനക്കാരനല്ലെന്നാണ് പൊലീസിന്റെ നിഗമനം.
Adjust Story Font
16