കൂടുതല്‍ കുട്ടികളെത്തി; അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്കൂളിന് പുതുജീവന്‍
കൂടുതല്‍ കുട്ടികളെത്തി; അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്കൂളിന് പുതുജീവന്‍
കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ഥി മാത്രമുണ്ടായിരുന്ന ഇവിടെ ഇത്തവണ കുട്ടികളുടെ എണ്ണം പത്തായി വര്‍ധിച്ചു
കഴിഞ്ഞ ദിവസം നടന്ന പ്രവേശനോത്സവത്തില്‍ വലിയ ആനന്ദത്തിലാണ് ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് സര്‍ക്കാര്‍ എല്‍പി സ്കൂള്‍. കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ഥി മാത്രമായിരുന്ന ഇവിടെ ഇത്തവണ കുട്ടികളുടെ എണ്ണം പത്തായി വര്‍ധിച്ചു. ഇതോടെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന പള്ളിക്കൂടത്തിന് പുതുജീവന്‍ കൈവന്നിരിക്കുകയാണ്.
കഴിഞ്ഞ അധ്യയന വര്‍ഷം അഭിനവ് എന്ന വിദ്യാര്‍ഥിയുടെ സാന്നിധ്യം മാത്രമായിരുന്നു ഈ സ്കൂളിലുണ്ടായിരുന്നത്. താന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിന്റെ നിലനില്‍പിന് വേണ്ടി ഒറ്റക്ക് നിലകൊണ്ട അഭിനവ് രണ്ടാം ക്ലാസിലെത്തുമ്പോള്‍ പുതുതായി ഒന്‍പത് കൂട്ടുകാര്‍ കൂടി കൂട്ടിനെത്തി. 2010ന് ശേഷം എല്ലാ ക്ലാസിലും പ്രാതിനിധ്യമില്ലാതിരുന്ന ഇവിടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാല് ക്ലാസിലും കുട്ടികളെത്തുന്നത്. ഇതോടെ ഇത്തവണത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ഇവിടെ ആഘോഷപൂര്‍വം നടന്നു.
കുട്ടികള്‍ വര്‍ധിച്ചെങ്കിലും എല്ലാ ക്ലാസിന്റെയും അധ്യാപന ചുമതല ഏക അധ്യാപികയായ ഹെഡ്‍മാസ്റ്റര്‍ക്ക് തന്നെ. സ്കൂളിന്റെ ജീവന് ശക്തി ലഭിക്കണമെങ്കില്‍ അധ്യാപകരാണ് ആവശ്യം. എങ്കിലേ രക്ഷിതാക്കള്‍ ഇവിടേക്ക് കൂടുതല്‍ കുട്ടികളെ അയക്കൂ. അധ്യാപകരെ ലഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്‍കി പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഈ സ്കൂളും ഇവിടുത്തെ രക്ഷിതാക്കളും.
Adjust Story Font
16