Quantcast

കാരുണ്യ ലോട്ടറി കേസ്: കെ എം മാണിക്കും ഉമ്മന്‍ചാണ്ടിക്കും ക്ലീന്‍ചിറ്റ്

MediaOne Logo

Sithara

  • Published:

    22 April 2018 8:00 PM GMT

കാരുണ്യ ലോട്ടറി കേസില്‍ കെ എം മാണിക്കും ഉമ്മന്‍ചാണ്ടിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്.

കാരുണ്യ ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്. ഇടനിലക്കാര്‍ ചൂഷണം നടത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ക്രമക്കേടില്‍ ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്നു. ത്വരിതാന്വേഷണം റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

കാരുണ്യ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പല തരത്തിലുള്ല ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് ഡി വൈ എസ് പി ബി ഉദയകുമാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒ പി ടിക്കറ്റ് കാണിച്ച് കൈപറ്റുന്ന സഹായ തുക ഇടനിലക്കാര്‍ സംഘടതിമായി തട്ടിയെടുത്തതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവം തുടര്‍ അന്വേഷണം അസാധ്യമാക്കുന്നു. മാത്രമല്ല പരാതികളെ തുടര്‍ന്ന് ഈ പദ്ധതി നിര്‍ത്തലാക്കുകയും ചെയ്തു. പദ്ധതിയിലെ ഭരണ ചിലവ് 2 ലക്ഷം രൂപ വര്‍ധിച്ചത് നോഡല്‍ ഓഫീസറില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് നല്‍കുന്ന ചിക്തിസാ സഹായത്തിന്‍റെ പരിധിയായ 2 ലക്ഷം രൂപയധികം പലര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും അത് സ്ക്രീനിങ് കമ്മിറ്റി പിന്നീട് സാധൂകരിച്ചു. പദ്ധതി കണക്കുകള്‍ സി എ ജി ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന ആദ്യ തീരുമാനവും ബോധപൂര്‍വമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്നും ഉമ്മന്‍ചാണ്ടിക്കോ കെ എം മാണിക്കോ പങ്കില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.

ധനകാര്യ സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം, ലോട്ടറി ഡയറക്ടര്‍ ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരായ ആരോപണവും നിലനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സി എ ജി പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും അത് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുകയും ചെയ്താല്‍ അന്വേഷണത്തിന് പ്രസക്തിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസം കോടതി പരിഗണിക്കും. മലപ്പുറം സ്വദേശി കൃഷ്ണകുമാറാണ് പരാതിക്കാരന്‍

TAGS :

Next Story