Quantcast

കേരള സര്‍വകലാശാലയില്‍ നൂറിലധികം എം ഫില്‍ സീറ്റുകള്‍ നഷ്ടമാകുന്നു

MediaOne Logo

Damodaran

  • Published:

    23 April 2018 11:26 AM GMT

2016 ലെ യു ജി സി റെഗുലേഷന്‍ തിരക്കിട്ട് നടപ്പാക്കിയതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്.പഴയ റെഗുലേഷന്‍ അനുസരിച്ച് പ്രവേശ നടപടികള്‍....

കേരള സര്‍വകലാശാലയില്‍ നൂറിലധികം എം ഫില്‍ സീറ്റുകള്‍ നഷ്ടമാകുന്നു. 2016 ലെ യു ജി സി റെഗുലേഷന്‍ തിരക്കിട്ട് നടപ്പാക്കിയതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്.പഴയ റെഗുലേഷന്‍ അനുസരിച്ച് പ്രവേശ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍വകലാശാല വ്യവസ്ഥകള്‍ മാറ്റുകയായിരുന്നു. ഇതോടെ സീറ്റ് ഉറപ്പായ 132 വിദ്യാര്‍ഥികള്‍ക്കാണ് ഗവേഷണത്തിന് അവസരം ഇല്ലാതായത്.

കഴിഞ്ഞ വര്‍ഷം ആകെ 328 എംഫില്‍ സീറ്റുകളാണ് സര്‍വകലാശാലയിലുണ്ടായിരുന്നത്. ഈ അധ്യയന വര്‍ഷം മാര്‍ച്ചില്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ഏപ്രിലില്‍ പ്രവേശ പരീക്ഷയും നടത്തി. 2009ല്‍ സര്‍വകലാശാല ഇറക്കിയ റെഗുലേഷന്‍ അനുസരിച്ചായിരുന്നു ഈ നടപടികള്‍.

ഇതിനിടെ ജൂലൈ അഞ്ചിന് യു ജി സി ഇറക്കിയ പുതിയ റെഗുലേഷന്‍ സര്‍വകലാശാല നടപ്പാക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പുതിയ നിയമ പ്രകാരം ഒരു പ്രൊഫസര്‍ക്ക് 3 പേരെയും അസോസിയേറ്റ് പ്രൊഫസര്‍ക്ക് 2 പേരെയും അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് ഒരാളെയും മാത്രമെ ഗയിഡ് ചെയ്യാനാകൂ. നേരത്തെ ഒരാള്‍ക്ക് 5 പേര്‍ വീതം എന്ന തോതിലായിരുന്നു പ്രവേശം. പുതിയ വ്യവസ്ഥ തിരക്കിട്ട് നടപ്പാക്കിയതോടെ സീറ്റുകളുടെ എണ്ണം 196 ആയി കുറഞ്ഞു. ഇതോടെ പ്രവേശം ഉറപ്പായ 132 പേര്‍ പുറത്താകുകയും ചെയ്തു. പ്രവേശ നടപടികള്‍ പൂര്‍ത്തിയായവര്‍ക്ക് പുതിയ വ്യവസ്ഥ ബാധകമാക്കിയതാണ് വിദ്യാര്‍ഥികള്‍ക്ക് വന്‍ തിരിച്ചടിയായത്. റെഗുലര്‍ അധ്യാപകരില്ലാത്ത വിവിധ വകുപ്പുകളില്‍ എംഫില്‍ തന്നെ ഇല്ലാതാകുകയും ചെയ്തു.

TAGS :

Next Story