ബിവറേജസിനെതിരെ പ്രക്ഷോഭം: സമരക്കാര്‍ക്ക് നേരെ മൂത്രം നിറച്ച കുപ്പിയെറിഞ്ഞു
ബിവറേജസിനെതിരെ പ്രക്ഷോഭം: സമരക്കാര്‍ക്ക് നേരെ മൂത്രം നിറച്ച കുപ്പിയെറിഞ്ഞു
ജനവാസ കേന്ദ്രത്തിലേക്ക് ബീവറേജസ് ഔട്ട് ലെറ്റ് മാറ്റുന്നതിനെതിരായ സമരത്തിനിടെ സംഘർഷം.
ജനവാസ കേന്ദ്രത്തിലേക്ക് ബീവറേജസ് ഔട്ട് ലെറ്റ് മാറ്റുന്നതിനെതിരായ സമരത്തിനിടെ സംഘർഷം. എറണാകുളം പൊന്നുരുന്നിയിലേക്ക് ബീവറേജസ് ഔട്ട് ലെറ്റ് മാറ്റിയതിനെതിരായ സമരത്തിനിടെയാണ് സമരക്കാരും ജീവനക്കാരും തമ്മില്‍ സംഘർഷമുണ്ടായത്. സമരക്കാർക്കെതിരെ ജീവനക്കാർ മൂത്രകുപ്പി എറിഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സമരം നടത്തിയ ഹൈബി ഈഡൻ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
വൈറ്റിലയിലുള്ള ബീവറേജസ് കോർപ്പറേഷന്‍റെ ഔട്ട് ലെറ്റ് പൊന്നുരുന്നിയിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ സമിതിയുടെ പ്രക്ഷോഭം നടന്ന് വരുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ഹൈബി ഈഡൻ എംഎൽഎ അടക്കമുള്ളവർ എത്തിയതോടെ സമരം ശക്തമായി. ഇതിനിടെയാണ് എംഎൽഎയും സ്ത്രീകളും അടക്കമുള്ള സമരക്കാർക്കിടയിലേക്ക് ജീവനക്കാരില്‍ ചിലര്‍ മൂത്രകുപ്പികൾ എറിഞ്ഞത്. ഇതോടെ ജീവനക്കാരും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് പോലീസ് എത്തി സമരക്കാരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂത്രകുപ്പി എറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാട് സമരക്കാരും എടുത്തു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ എംഎല്‍എ കുത്തിയിരിപ്പ് സമരവും ആരംഭിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബീവറേജസ് ഔട്ട്ലെറ്റ് പൂട്ടുന്നത് വരെ സമരം ശക്തമായി തുടരാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.
Adjust Story Font
16