Quantcast

ജനവാസ കേന്ദ്രങ്ങളില്‍ 50 മീറ്റര്‍ ചുറ്റളവില്‍ ക്വാറി ഖനനം പാടില്ലെന്ന് ഹൈക്കോടതി

MediaOne Logo

പൊതുജന താല്‍പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാറിന്റെ അധികാരമുപയോഗിച്ചാണ് 50 മീറ്റര്‍ പരിധിയിലെ ഖനനം നിരോധിച്ച് ഉത്തരവിട്ടിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനവാസ കേന്ദ്രത്തിലെ 50 മീറ്റര്‍ ചുറ്റളവില്‍ സമീപവാസികളുടെ സമ്മതമുണ്ടെങ്കിലും ക്വാറി ഖനനം പാടില്ലെന്ന് ഹൈക്കോടതി. ക്വാറി പ്രവര്‍ത്തിക്കുന്നതില്‍ വിരോധമില്ലെന്ന സമീപവാസികളുടെ സമ്മതപത്രം നിയമപരമായി നിലനില്‍ക്കില്ല. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളുടെ ഗുണം ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ക്വാറിക്ക് 50 മീറ്റര്‍ പരിധിക്കകത്ത് വീടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജിയോളജിസ്റ്റ് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്താണ് എറണാകുളം പച്ചാളം സ്വദേശിനിയായ ക്വാറി ഉടമ കോടതിയെ സമീപിച്ചത്. ചട്ടലംഘനമുള്ളതിനാല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റൂള്‍സ് പ്രകാരം വീടുകള്‍ക്ക് 50 മീറ്റര്‍ പരിധിക്കുള്ളില്‍ ഖനനം നടത്തുന്നതിന് വിലക്കുണ്ടെങ്കിലും സമീപവാസി അനുമതി പത്രം നല്‍കിയതിനാല്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

വീട്ടുടമ നല്‍കിയ സത്യവാങ്മൂലവും ഹരജിക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാല്‍, പൊതുജന താല്‍പര്യം സംരക്ഷിക്കാന്‍ ചട്ടങ്ങള്‍ നിര്‍മിക്കാനുള്ള സര്‍ക്കാറിന്റെ അധികാരമുപയോഗിച്ചാണ് 50 മീറ്റര്‍ പരിധിയിലെ ഖനനം നിരോധിച്ച് ഉത്തരവിട്ടിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടുടമക്ക് അനുമതി പത്രം നല്‍കി നിയമത്തിന്റെ സംരക്ഷണം ഒഴിവാക്കാന്‍ ഈ ചട്ടപ്രകാരം കഴിയില്ലെന്ന് ചൂണ്ടികാട്ടി ഹരജി കോടതി തളളി.

Next Story