മാനന്തവാടിയില്‍ ശബരി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുകള്‍ അനുമതി ലഭിക്കാതെ നശിക്കുന്നു
മാനന്തവാടിയില്‍ ശബരി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുകള്‍ അനുമതി ലഭിക്കാതെ നശിക്കുന്നു
തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുമെന്നായിരുന്നു ബസുകള്‍ കൊണ്ടുവന്ന സമയത്ത് നടത്തിയ പ്രഖ്യാപനം. എന്നാല്‍ എംഎല്‍എ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ബസുകള്‍ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല...
ദീര്‍ഘദൂര സര്‍വീസിനായി മാനന്തവാടി ഡിപ്പോയിലെത്തിച്ച കെഎസ്ആര്‍ടിസി ബസുകള്‍ അനുമതി ലഭിക്കാതെ തുരുമ്പെടുക്കുന്നു. രണ്ടുമാസം മുമ്പ് എത്തിച്ച ബസുകള്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് തുടങ്ങാത്തത്. അനുമതി നല്‍കാത്തത് സ്വകാര്യ ബസുടമകളെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്.
രണ്ടുമാസം മുമ്പാണ് അഞ്ച് ശബരി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുകള്‍ ദീര്‍ഘദൂര സര്‍വീസിനായി മാനന്തവാടി കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുമെന്നായിരുന്നു ബസുകള്‍ കൊണ്ടുവന്ന സമയത്ത് നടത്തിയ പ്രഖ്യാപനം. എന്നാല്‍ എംഎല്‍എ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ബസുകള്‍ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. എന്തുകൊണ്ട് സര്‍വീസ് തുടങ്ങുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നുമില്ല.
ചീഫ് ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. റൂട്ട് ലാഭകരമല്ലെന്ന കാരണത്താലാണ് അനുമതി നിഷേധിക്കുന്നത്. എന്നാല്‍ ശബരി ബസുകള്‍ ഡിപ്പോയിലെത്തിച്ചതിന് ശേഷവും മാനന്തവാടിയില്‍ നിന്ന് സ്വകാര്യബസുകള്‍ രാത്രിസര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രാത്രിസമയത്ത് മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നിട്ടും സര്‍വീസ് ആരംഭിക്കാത്തത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
മേല്‍ക്കൂര പോലുമില്ലാത്ത സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണിപ്പോള്‍. കെ എസ് ആര്‍ ടി സി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇത്തരം സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നതാണ് വാസ്തവം.
Adjust Story Font
16