Quantcast

വയനാട്ടില്‍ കാട്ടാനയെ കൊലപ്പെടുത്തിയത് നാടന്‍ തോക്കുപയോഗിച്ച്

MediaOne Logo

admin

  • Published:

    28 April 2018 11:14 PM GMT

വയനാട്ടില്‍ കാട്ടാനയെ കൊലപ്പെടുത്തിയത് നാടന്‍ തോക്കുപയോഗിച്ച്
X

വയനാട്ടില്‍ കാട്ടാനയെ കൊലപ്പെടുത്തിയത് നാടന്‍ തോക്കുപയോഗിച്ച്

ആനയെ കൊലപ്പെടുത്തിയതിന്‍റെ ലക്ഷ്യമാണ് വനംവകുപ്പിന്‍റെ അന്വേഷണത്തെ കുഴയ്ക്കുന്നത്. വേട്ടയാടിയതാണെങ്കില്‍ ആനയെ ഉപേക്ഷിച്ചു പോകില്ല. മാത്രമല്ല, ജനവാസ മേഖലയിലെ റോഡരികില്‍ വച്ച് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുകയുമില്ല. കൊലപ്പെടുത്തുക എന്നതാണ് മാത്രമായിരുന്നു ഉദ്ദേശം.

വയനാട്ടില്‍ കാട്ടാനയെ കൊലപ്പെടുത്തിയത്, നാടന്‍ തോക്കുപയോഗിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇയ്യത്തില്‍ നിര്‍മിച്ച ബുള്ളറ്റാണ് തോക്കില്‍ ഉപയോഗിച്ചത്. മസ്തിഷ്ക്കത്തിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ മസ്തിഷ്കത്തില്‍ നിന്നും എടുത്ത ബുള്ളറ്റ് ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കും.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പതിമൂന്ന് വയസുള്ള പിടിയാനയെ ബത്തേരി- പുല്‍പള്ളി സംസ്ഥാന പാതയില്‍ നാലാംമൈലില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടതു കണ്ണിന് മുകളിലായി മുറിവേറ്റ പാടുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊല്ലാന്‍ ഉപയോഗിച്ചത് നാടന്‍ തോക്കാണെന്നു വ്യക്തമായത്. എട്ടു മുതല്‍ ഒന്‍പതു മീറ്റര്‍ വരെ അകലത്തില്‍ നിന്നാണ് നിറയൊഴിച്ചത്. വാഹനത്തിലെത്തി നിറയൊഴിച്ചുവെന്നാണ് വനംവകുപ്പിന്റെ അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. രാത്രി പന്ത്രണ്ട് മണിയ്ക്കും പുലര്‍ച്ചെ രണ്ട് മണിയ്ക്കും ഇടയിലാണ് മരണം സംഭവിച്ചത്.

ആനയെ കൊലപ്പെടുത്തിയതിന്‍റെ ലക്ഷ്യമാണ് വനംവകുപ്പിന്‍റെ അന്വേഷണത്തെ കുഴയ്ക്കുന്നത്. വേട്ടയാടിയതാണെങ്കില്‍ ആനയെ ഉപേക്ഷിച്ചു പോകില്ല. മാത്രമല്ല, ജനവാസ മേഖലയിലെ റോഡരികില്‍ വച്ച് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുകയുമില്ല. കൊലപ്പെടുത്തുക എന്നതാണ് മാത്രമായിരുന്നു ഉദ്ദേശം. ഒറ്റ വെടിയ്ക്കു തന്നെ കൊലപ്പെടുത്താനാണ് ശിരസില്‍ തന്നെ നിറയൊഴിച്ചതും. ഉപയോഗിച്ചത് നാടന്‍ തോക്കായതിനാല്‍ തന്നെ പ്രതികളെ കണ്ടെത്താനും ബുദ്ധിമുട്ടും.

ബത്തേരിയില്‍ നിന്ന് പുല്‍പള്ളിയിലേയ്ക്കുള്ള റോഡില്‍ മാത്രമാണ് വനംവകുപ്പിന്‍റെ ചെക് പോസ്റ്റ് ഉള്ളത്. ഇതുവഴി കടന്നു പോയ വാഹനങ്ങളുടെ വിശദാംശങ്ങള്‍ വനംവകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. എന്നാല്‍, പുല്‍പള്ളിയില്‍ നിന്നോ മീനങ്ങാടിയില്‍ നിന്നോ ഈ റോഡിലേയ്ക്ക് എത്തിയ വാഹനമാണെങ്കില്‍ കണ്ടെത്താന്‍ പ്രയാസമാകും. അന്വേഷണത്തെ സഹായിക്കുന്ന വിധത്തില്‍ ഏതെങ്കിലും തെളിവുകളോ സൂചനകളോ ഇതുവരെ ലഭിച്ചിട്ടുമില്ല. ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് നല്‍കുന്നവര്‍ക്ക് 25,000 രൂപയുടെ പാരിതോഷികം വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story