നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പൊലീസ്: തെളിവായി തോക്കിന്റെ ചിത്രം പുറത്തുവിട്ടു
നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പൊലീസ്: തെളിവായി തോക്കിന്റെ ചിത്രം പുറത്തുവിട്ടു
മാവോയിസ്റ്റുകള്‍ ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചതായി പോലീസിന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായി എന്ന് തൊളിയിക്കുന്നതിനായി പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടു. നേരത്തെ മാവോയിസ്റ്റുകള്‍ രക്തസാക്ഷി ദിനം ആചരിച്ചതിന്‍റെ ചിത്രങ്ങളാണ് അധികവും. മാവോയിസ്റ്റുകള്‍ ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകളുടെ കാലി കെയ്സുകളുടെ ചിത്രങ്ങളുമുണ്ട്.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് പൊലീസ് പുതിയ വിശദീകരണവുമായി രംഗത്ത് എത്തിയത്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നത് ഓട്ടോമാറ്റിക് ആയുധങ്ങളാണ്. കുപ്പു ദേവരാജന്‍ ക്രിമിനലാണെന്ന് പറഞ്ഞ് തുടങ്ങുന്ന വാര്‍ത്താകുറിപ്പില്‍ മുതിര്‍ന്ന നേതാക്കളെ സംരക്ഷിക്കുക എന്ന മാവോയിസ്റ്റ് പ്രത്യയശാസ്ത്രം ലംഘിച്ച് ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞു എന്ന് പറയുന്നു. എ.കെ 47 തോക്കുകളാണ് ഉപയോഗിച്ചത്. ഇത് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന് തെളിവാണെന്ന് പൊലീസ് പറയുന്നു.
കേരള പൊലീസ് 2010 സീരിയസ് തോക്കുകളും തിരകളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് 1981,2007 സീരിയസ് തിരകളാണ്. അതിനാല്‍ കണ്ടെടുത്ത തിരകളുടെ കെയ്സുകള്‍ പൊലീസ് കൊണ്ടുപോയി ഇട്ടതാണെന്ന വാദം നിലനില്‍ക്കില്ലെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളെ കുറിച്ച് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന് കാര്യമായ വിവരം ലഭിച്ചിരുന്നില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതടക്കം പൊലീസിനെതിരെയുള്ള അന്വേഷണങ്ങളില്‍ ജില്ലയിലെ പൊലീസില്‍ വലിയ അമര്‍ഷം ഉണ്ട്.
Adjust Story Font
16