കതിരൂര്‍ മനോജ് വധക്കേസ്: കുറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസ്: കുറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് സിബിഐ കോടതി കണ്ടെത്തി.
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് സിബിഐ കോടതി കണ്ടെത്തി. സിബിഐയുടെ വാദം കേട്ടതിന് ശേഷം മാത്രമേ കുറ്റപത്രം മടക്കാവൂ എന്ന ആവശ്യത്തെ തുടര്‍ന്ന് സെപ്തംബര്‍ ഏഴിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
യുഎപിഎ കേസുകളില്‍ കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ട കേന്ദ്രസർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച രേഖകൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ശേഷം ഈ രേഖ ഹാജരാക്കി. എന്നാല്‍ കുറ്റപത്രത്തില്‍ ചില സാങ്കേതിക പിഴവുകള്‍ കൂടിയുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐയുടെ വാദം കേള്‍ക്കാന്‍ കേസ് പരിഗണിക്കുന്നത് മാറ്റിയത്.
കതിരൂർ മനോജ് വധക്കേസിൽ അനുബന്ധ കുറ്റപത്രമാണ് സിബിഐ സമർപ്പിച്ചിരിക്കുന്നത്. കതിരൂർ മനോജിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ മുഖ്യ ആസൂത്രകനാണ് ജയരാജനെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ജയരാജനെതിരെ യുഎപിഎ, എക്സ്പ്ലോസീവ് ആക്ട്, ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യല്‍, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ ജയരാജന്റെ രാഷ്ട്രീയ പ്രതിയോഗിയായ മനോജിനെ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Adjust Story Font
16