Quantcast

ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുമെന്ന് ഉദയംപേരൂരിലെ വിമതര്‍

MediaOne Logo

admin

  • Published:

    30 April 2018 3:22 AM GMT

ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുമെന്ന് ഉദയംപേരൂരിലെ വിമതര്‍
X

ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുമെന്ന് ഉദയംപേരൂരിലെ വിമതര്‍

ഉദയംപേരൂരിലെ വിമതരെ അനുനയിപ്പിക്കാനുള്ള ജില്ലാനേതൃത്വത്തിന്റെ നീക്കങ്ങള്‍ തുടരുമ്പോഴും പ്രദേശികതലത്തിലെ പാര്‍ട്ടി നേതൃത്വം സഹകരിപ്പിക്കുന്നില്ലെന്ന് വിമതപക്ഷം ആരോപിക്കുന്നു

ഉദയംപേരൂരിലെ വിമതരെ അനുനയിപ്പിക്കാനുള്ള ജില്ലാനേതൃത്വത്തിന്റെ നീക്കങ്ങള്‍ തുടരുമ്പോഴും പ്രദേശികതലത്തിലെ പാര്‍ട്ടി നേതൃത്വം സഹകരിപ്പിക്കുന്നില്ലെന്ന് വിമതപക്ഷം ആരോപിക്കുന്നു. പ്രാദേശികനേതൃത്വം സഹകരിപ്പിക്കാത്ത സാഹചര്യത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കാനാണ് വിമതപക്ഷക്കാരായ പി കൃഷ്ണപിള്ള സാംസ്കാരിക വേദിയുടെ തീരുമാനം. ഞായറാഴ്ച്ച വൈകുന്നേരം സാംസ്കാരിക വേദിയുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ചേരും.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍പെട്ട ഉദയംപേരൂര്‍ പഞ്ചായത്ത് ചരിത്രത്തിലാദ്യമായി ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് പക്ഷക്കാരായ നേതാക്കളെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്. നേതാക്കളെ സസ്പെന്റ് ചെയ്തതോടെ വിഎസ് പക്ഷത്തിന് മേധാവിത്വമുള്ള പ്രദേശത്തെ ആയിരക്കണക്കിന് പേരാണ് പാര്‍ട്ടി വിട്ട് പി കൃഷ്ണപിള്ള സാംസ്കാരികവേദി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന തിരിച്ചറിഞ്ഞ ജില്ലാനേതൃത്വം ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ കുടുംബയോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും പ്രാദേശിക നേതൃത്വം തങ്ങളെ സഹകരിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് വിമതപക്ഷം പറയുന്നത്.

സ്വന്തം നിലയ്ക്ക് എം സ്വരാജിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാതെ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജില്ലാനേതൃത്വത്തിനാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്ച്ച വൈകുന്നേരം പ്രത്യേക യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ക്ക് സാംസ്കാരികവേദി രൂപം നല്‍കും.‌

TAGS :

Next Story