മൂന്നാര്‍ കയ്യേറ്റം: ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു
മൂന്നാര്‍ കയ്യേറ്റം: ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു
കയ്യേറ്റങ്ങള്‍, ഖനനം, അനധികൃത നിര്‍മാണം എന്നീ വിഷയങ്ങളിലാണ് നോട്ടീസ്
മൂന്നാര്‍ കയ്യേറ്റത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തു. വിഷയത്തില്‍ സംസ്ഥാന വനം വകുപ്പിനും ഇടുക്കി ജില്ലാ ഭരണകൂടത്തിനും ട്രിബ്യൂണല്‍ നോട്ടീസ് നല്‍കി. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെയും കയ്യേറ്റമൊഴിപ്പിക്കലിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കാന്‍ തയ്യാറായത്. കയ്യേറ്റവും ഖനനവും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും മൂന്നാറിന്‍റെ പാരിസ്ഥിതിക സന്തുലനത്തെ തകര്‍ക്കുമെന്ന് ട്രിബ്യൂണല്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാനാവശ്യപ്പെട്ടാണ് സംസ്ഥാന വനം - പരിസ്ഥിതി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചത്. അടുത്ത മാസം മൂന്നിന് കേസ് പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ട കക്ഷികള്‍ നിലപാട് വ്യക്തമാക്കണം.
ചെന്നൈ ഹരിത ട്രിബ്യൂണല്‍ ബെഞ്ചിലെ ജസ്റ്റിസ് ജ്യോതിമണിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഹരിത ട്രൈബ്യൂണല്‍ ഇടപെടലോടെ മൂന്നാര്‍ കയ്യേറ്റം ദേശീയ മാനം നേടിയിരിക്കുകയാണ്. നേരത്തെ മൂന്നാര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സി ആര്‍ ചൌധരി മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Adjust Story Font
16