വില്‍പ്പന കുറവുള്ള നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ നീക്കം
ആദ്യ ഘട്ടത്തില്‍ 158 സ്റ്റോറുകള്‍ക്ക് താഴ് വീഴും. നടപടികള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തില്‍ 5 അംഗ സമിതിയെയും ബോര്‍ഡ് ചുമതലപ്പെടുത്തി.
വില്‍പ്പന കുറവുള്ള നന്മ സ്റ്റോറുകള്‍ ഘട്ടംഘട്ടമായി അടച്ചു പൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. ആദ്യ ഘട്ടത്തില്‍ 158 സ്റ്റോറുകള്‍ക്ക് താഴ് വീഴും. നടപടികള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തില്‍ 5 അംഗ സമിതിയെയും ബോര്‍ഡ് ചുമതലപ്പെടുത്തി.
900 നന്മ സ്റ്റോറുകളാണ് കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ആരംഭിച്ചത്. ഇതില്‍ പ്രവര്‍ത്തിക്കുന്ന 700 ല്‍ 158 എണ്ണമാണ് അടച്ചുപൂട്ടുന്നത്. 3500 ഓളം പേരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നന്മ സ്റ്റോറുകളില്‍ നിയമിച്ചത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമാവും. ത്രിവേണി സ്റ്റോറുകളില്‍ നിന്ന് നിയമനം നല്‍കിയവരെ തിരിച്ച് വിളിക്കുകയും ചെയ്യും. പൂട്ടുന്ന നന്മ സ്റ്റോറുകളില്‍ അവശേഷിക്കുന്ന സ്റ്റോക്ക് ത്രിവേണി സ്റ്റോറുകളിലേക്ക് മാറ്റും. നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല ഗോഡൌണ്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ഡയറക്ടര്‍ ബോര്‍ഡ് ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് മാത്രം 52 നന്മ സ്റ്റോറുകള്‍ പൂട്ടും. കണ്‍സ്യൂമര്‍ഫെഡ് സംബന്ധമായ വാര്‍ത്തകള്‍ ഡയറക്ടര്‍ ബോര്‍ഡിനെ പ്രതിരോധത്തിലാക്കുന്നതിനാല്‍ തീരുമാനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് അധികൃതര്‍ ട്രേഡ് യൂണിയന്‍ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍ മദ്യ വില്‍പ്പന മാത്രമാണ് കണ്‍സ്യൂമര്‍ഫെഡില്‍ ലാഭകരമായി നടക്കുന്നത്. ആകെ ബാധ്യത 748 കോടി രൂപയും. സബ്‍സിഡി ഇനത്തില്‍ 35 കോടി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്നും ബോര്‍ഡ് യോഗം വിലയിരുത്തി.
Adjust Story Font
16