തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേടില്‍ കൂടുതല്‍ തെളിവുകളുമായി വിഡി സതീശന്‍
തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേടില്‍ കൂടുതല്‍ തെളിവുകളുമായി വിഡി സതീശന്‍
സര്‍ക്കാര്‍ അന്വേഷണ ആവശ്യം നിരസിച്ച സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതുള്‍പ്പെടെ നിയമനടപടികളിലേക്ക് അടുത്ത ദിവസങ്ങളില്‍ വിഡി സതീശന്‍ കടക്കും...
തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് നടന്നതിന് രേഖകള്‍ തെളിവ്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത് കമ്പനികളുടെ ടെന്‍ഡര്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ നിരസിച്ചത് സര്‍ക്കാര്‍ ഉത്തരവിലൂടെ. കൂടിയ തുകക്ക് ടെന്‍ഡറിന് നല്‍കിയതിന് വ്യക്തമായ വിശദീകരണവും ഇല്ല. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തെ എംഡിയെ കാപെക്‌സില്‍ എത്തിച്ചതിന് പിന്നിലും സംശയം. അഴിമതി സംബന്ധിച്ച രേഖകള്‍ വിഡി സതീശന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
കശുവണ്ടി വികസന കോര്‍പറേഷന്‍ ജൂണില്‍ തോട്ടണ്ടിക്ക് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ സിബീസ് കമ്മ്യൂഡിറ്റീസ് 1584 യുഎസ് ഡോളറും എക്‌സല്‍ സയന്റിഫിക് 1689 ഡോളറുമാണ് ക്വാട്ട് ചെയ്തത്. വില കൂടുതലാണെന്ന് കാണിച്ച് ഈ രണ്ട് ടെന്ററുകളും തള്ളിയത് സര്‍ക്കാര്‍ ഉത്തരവിലൂടെയാണ്.
എന്നാല്‍ പത്തു ദിവസത്തിന് ശേഷം ഒലാം ഇന്ത്യ എന്ന കമ്പനിയില്‍ നിന്ന് അതേ നിലവാരമുള്ള തോട്ടണ്ടി 1858 രൂപക്ക് വാങ്ങിയതെന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. ജൂലൈയില്‍ വിനായക കൊമേഴ്‌സ്യല്‍ കമ്പനി 1886 ഡോളറിന്റെ ടെന്‍ഡര്‍ കാപെക്‌സിന് നല്‍കിയെങ്കിലും വില കൂടുതലാണെന്ന് കാണിച്ച് അംഗീകരിച്ചില്ല. എന്നാല്‍ ഇതേ കമ്പനിയില്‍ നിന്ന് കശുവണ്ടി വികസന കോര്‍പറേഷന്‍ 2119 ഡോളിന് വാങ്ങുകയും ചെയ്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ കൂടിയ വിലക്കാണ് തോട്ടണ്ടി വാങ്ങുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി തന്നെ നിയമസഭയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാപെക്‌സ് എം ഡി ആയിരുന്ന ആര്‍ രാജേഷിനെ വീണ്ടും കൊണ്ടുവന്നത് സംശയകരമാണെന്നും അഴിമതിയാരോപണം ഉന്നയിച്ച വിഡി സതീശന്‍ പറയുന്നുണ്ട്.
ആ കാലത്ത് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവായ തുളസീധര കുറുപ്പായിരുന്നു കാപെക്‌സ് ചെയര്‍മാന്‍. സര്‍ക്കാര്‍ അന്വേഷണ ആവശ്യം നിരസിച്ച സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതുള്‍പ്പെടെ നിയമനടപടികളിലേക്ക് അടുത്ത ദിവസങ്ങളില്‍ വിഡി സതീശന്‍ കടക്കും.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മേഴ്സിക്കുട്ടിയമ്മ
തോട്ടണ്ടി അഴിമതിയിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വി ഡി സതീശനെ ചിലർ തെറ്റിദ്ധരിപ്പിച്ച് കുപ്പിയിലിറക്കി.ഇ ടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് ലോക്കൽ പർച്ചേസ് വേണ്ടി വന്നത്. ഇതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ടാണ് സർക്കാർ ഉത്തരവായി സതീശൻ വിവരിച്ചതെന്ന് നിയമസഭയിൽ നൽകിയ പ്രത്യേക വിശദീകരണത്തിൽ മന്ത്രി വ്യക്തമാക്കി.
Adjust Story Font
16