വേനല്‍ കനത്തു; നിര്‍ജലീകരണം മൂലമുള്ള മരണവും
- Published:
3 May 2018 12:21 PM GMT
വേനല്‍ കനത്തു; നിര്‍ജലീകരണം മൂലമുള്ള മരണവും
പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ച് തൊഴില്‍ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവ്
വേനല്‍ കനത്തതോടെ പാലക്കാട് ജില്ലയില്‍ നിര്‍ജലീകരണം മൂലമുള്ള മരണം പതിവാകുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് നിര്‍ജലീകരണം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് തുറസായ സ്ഥലങ്ങളിലെ തൊഴില്‍ സമയം ക്രമീകരിച്ച് തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും ഉത്തരവിറക്കി.
ഫെബ്രുവരിയില്‍ തന്നെ കനത്ത ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. 39.6 ഡിഗ്രിയാണ് ഇത് വരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്. വിഷു ആഘോഷങ്ങളുടെ ഭാഗമായും വേലകളുടെയും പൂരങ്ങളുടെയും ഭാഗമായും ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് ചൂട് മൂലമുള്ള അത്യാഹിതങ്ങള്‍ വര്‍ധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ കുഴഞ്ഞ് വീണ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് നിര്‍ജലീകരണം മൂലം രക്തത്തിന്റെ സാന്ദ്രത വര്‍ധിച്ചുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പകല്‍സമയങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും തൊഴില്‍സമയവും ക്രമീകരിച്ച് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി..
ജില്ലയില്‍ ചൂട് ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും വര്‍ധിക്കും. സൂര്യാതപമേറ്റ നിരവധി സംഭവങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മദ്യപാനശീലമുള്ളവര്‍ പകല്‍സമയങ്ങളില്‍ മദ്യപാനം ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16