സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും
സെക്രട്ടറിയായി കാനം രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്നവസാനിക്കും. പുതിയ സംസ്ഥാന കൗൺസിലിനേയും സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. സെക്രട്ടറിയായി കാനം രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു, സി പി എമ്മിന് വല്യേട്ട മനോഭാവം, മന്ത്രിമാർക്കെതിരെ വിമർശനം തുടങ്ങി വാർത്ത തലക്കെട്ടുകളിൽ ഇടം നേടിയ നിരവധി കാര്യങ്ങൾ സമ്മേളനങ്ങളിലുണ്ടായി.
എന്നാൽ മുതിർന്ന നേതാവ് കെഇ ഇസ്മയിലിനെതിര അവതരിപ്പിച്ച കൺട്രോൾ കമ്മീഷൻ റിപ്പോർട്ടിലൂടെയാണ് സമ്മേളനം കൂടുതൽ ശ്രദ്ധയാകർഷിച്ചത്. ഇസ്മയിലിന്റെ ചട്ട ലംഘനങ്ങള്‍ നിരത്തുന്ന കമ്മീഷൻ റിപ്പോർട്ട് സമ്മേളന റിപ്പോർട്ടിന്റെ ഭാഗമാക്കിയതിൽ വലിയ വിമർശനമുയർന്നു. സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് പ്രതിനിധി ചർച്ചയിൽ പൊതുവികാരമുയർന്നപ്പോൾ പ്രതിരോധത്തിലായത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടു. വിമർശനമുയർന്നെങ്കിലും നിലപാടിലുറച്ച് കാനം നിലകൊണ്ടു.
സംസ്ഥാന കൗണ്‍സിൽ , സെക്രട്ടറി തെരഞ്ഞെടുപ്പുകളാണ് ഇന്ന് നടക്കുന്നത്. സംസ്ഥാന സെന്ററിൽ നിന്ന് നിർദ്ദേശിക്കുന്ന കൗൺസിൽ അംഗങ്ങളെ കൂടാതെ ജില്ലകൾക്ക് അനുവദിച്ച ക്വാട്ടയിലേക്ക് ജില്ലാഘടകങ്ങൾ തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് സിപിഐ പതിവ്. ഇതിലൊരു പക്ഷെ മത്സരം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇസ്മയിലുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് നേതൃത്വം ഉറ്റ് നോക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് റെഡ് വളന്‍റിയര്‍ മാർച്ചും പൊതു സമ്മേളനവും നടക്കും.
Adjust Story Font
16