Quantcast

ബാലാവകാശ ലംഘനങ്ങളിൽ പങ്കാളികളായവരെ കമീഷന്‍ അംഗങ്ങളാക്കിയതായി ആരോപണം

MediaOne Logo

Khasida

  • Published:

    4 May 2018 8:44 PM GMT

ബാലാവകാശ ലംഘനങ്ങളിൽ പങ്കാളികളായവരെ കമീഷന്‍ അംഗങ്ങളാക്കിയതായി ആരോപണം
X

ബാലാവകാശ ലംഘനങ്ങളിൽ പങ്കാളികളായവരെ കമീഷന്‍ അംഗങ്ങളാക്കിയതായി ആരോപണം

പീഡനക്കേസിലെ ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്തെ ബാലാവകാശ കമീഷന്‍ അംഗമാക്കിയ നടപടി വിവാദമാവുന്നു.

പീഡനക്കേസിലെ ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗത്തെ ബാലാവകാശ കമീഷന്‍ അംഗമാക്കിയ നടപടി വിവാദമാവുന്നു. വയനാട് സി.ഡബ്ല്യു.സി അംഗമായിരുന്ന ഡി ബി സുരേഷിനെയാണ് ബാലാവകാശ കമീഷനില്‍ നിയമിച്ചത്. മറ്റൊരു കേസില്‍ ആരോപണവിധേയയായ കോഴിക്കോട് സിഡബ്ല്യുസി മുന്‍ ചെയര്‍പേഴ്സണ്‍ ശ്രീല മേനോനെയും ബാലാവകാശ കമീഷന്‍ അംഗമായി നിയമിച്ചിട്ടുണ്ട്.

കൊട്ടിയൂർ പീഡനക്കേസിൽ ആരോപണവിധേയമായതിനെ തുടര്‍ന്നാണ് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിട്ടത്. കേസിൽ ഗുരുതര ആരോപണം നേരിട്ട വയനാട് സി.ഡബ്ല്യു.സി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റർ ഡോ. ബെറ്റി എന്നിവരെ സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.

ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറ്‍‍ പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സുരേഷ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ സര്‍ക്കാര്‍ മാറ്റിനിര്‍ത്തുകയും ചെയ്തു. പനമരം ചെറുകാട്ടൂരിലെ സൺഡേ സ്കൂൾ അധ്യാപകന്റെ പീഡനത്തിരയായി പ്രസവിച്ച പെണ്‍കുട്ടിയുടെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയ സംഭവത്തിലാണ് കോഴിക്കോട് സി.ഡബ്ല്യു.സിക്കെതിരെ ആരോപണമുയര്‍ന്നത്.

ബാലാവാകാശ ലംഘനങ്ങളിൽ പങ്കാളികളായവരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ നിയമിക്കരുതെന്നാണ് ചട്ടം. ഇതു മറികടന്നാണ് സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ സുരേഷിനെയും കോഴിക്കോട് സിഡബ്ല്യൂ മുന്‍ചെയര്‍പേഴ്സണ്‍ ശ്രീല മേനോനെയും നിയമിച്ചിരിക്കുന്നത്. എന്നാല്‍ നിയമനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.

TAGS :

Next Story