Quantcast

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണം

MediaOne Logo

Sithara

  • Published:

    4 May 2018 6:58 AM GMT

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണം
X

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണം

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി ഉൾപ്പെടെ പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു.

ബൈക്കുകളും കാറുകളും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ തെക്കന്‍ കേരളത്തില്‍ സര്‍വീസ് നടത്തി. ഒറ്റപ്പെട്ട ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയിരുന്നു. തമ്പാനൂരില്‍ രണ്ട് തവണ ഓട്ടോറിക്ഷ തടയാന്‍ സമരാനുകൂലികള്‍ ശ്രമിച്ചു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയവര്‍ക്കായി പൊലീസും സന്നദ്ധ സംഘടനകളും വാഹന സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആര്‍സിസിയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. സമരം ന്യായമാണെങ്കിലും പ്രതിഷേധത്തിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് പൊതുജനങ്ങള്‍ ഉയര്‍ത്തിയത്.

ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ വാഹന പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഏജീസ് ഓഫീസിലേക്ക് സമരാനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശിവസേനയും വാഹന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. വാഹന പണിമുടക്ക് സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. 75 ശതമാനത്തോളം ഹാജര്‍ രേഖപ്പെടുത്തി.

വാഹന പണിമുടക്ക് മധ്യകേരളത്തെയും സാരമായി ബാധിച്ചു. വ്യാവസായിക നഗരമായ കൊച്ചിയിൽ പൊതുഗതാഗത സംവിധാനം പൂർണ്ണമായി നിലച്ചു. രാവിലെ കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ നടത്തിയെങ്കിലും 10 മണിയോടെ അവസാനിപ്പിച്ചു. കൊച്ചി മെട്രൊയുടെ പ്രവർത്തനം സുഗമമായി നടന്നു. പണിമുടക്കായതിനാൽ നഗരത്തിലെത്തേണ്ടവർ മെട്രൊയെ കൂടുതലായി ആശ്രയിച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിൽ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഹാജർ കുറഞ്ഞു. ആലപ്പുഴയിലും കോട്ടയത്തും തൃശൂരും പണിമുടക്ക് പൂർണ്ണമായിരുന്നു.

മലബാറില്‍ വാഹന പണിമുടക്ക് പൂര്‍ണമാണ്. സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. ആശുപത്രി ആവശ്യങ്ങള്‍ക്കായി ഏതാനും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വ്വീസ് നടത്തി. ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കി. സര്‍വ്വീസ് നടത്താന്‍ ശ്രമിച്ച ടാക്സികളെ തൊഴിലാളികള്‍ തടഞ്ഞു. സ്കൂളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഹാജര്‍നില കുറവായിരുന്നു.

TAGS :

Next Story