Quantcast

എടിഎം കൊള്ള നടത്തിയത് റൊമാനിയന്‍ സംഘം

MediaOne Logo

Alwyn K Jose

  • Published:

    6 May 2018 10:55 PM GMT

എടിഎം കൊള്ള നടത്തിയത് റൊമാനിയന്‍ സംഘം
X

എടിഎം കൊള്ള നടത്തിയത് റൊമാനിയന്‍ സംഘം

പ്രതികളുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പൊലീസിന് ലഭിച്ചു. ഇവര്‍ ഉപയോഗിച്ച ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തിയവരെ തിരിച്ചറിഞ്ഞു. റൊമാനിയക്കാരായ മൂന്ന് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പാസ്പോര്‍ട്ട് രേഖകളും സി ഫോമും പൊലീസിന് ലഭിച്ചു. പ്രതികള്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

റൊമാനിയന്‍ സ്വദേശികളായ ക്രിസ്റ്റിന്‍ വിക്ടര്‍ കോണ്‍സ്റ്റാന്റിന്‍, ബൊഗ്ഡീന്‍ ഫ്ളോറിയന്‍ ഫ്ലോറിക്, ഗബ്രിയേല്‍ മരിയന്‍ ഇലി എന്നിവരാണ് കവര്‍ച്ച നടത്തിയത്. നഗരത്തിലെ ആഡംബര ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും റൂമെടുക്കുന്നതിനായി പ്രതികള്‍ നല്‍കിയ രേഖകളുമാണ് നിര്‍ണായക വഴിത്തിരിവായത്. ജൂണ്‍ 26 മുതല്‍ 29 വരെയും ജൂലൈ 8 മുതല്‍ 11 വരെയും രണ്ട് ഹോട്ടലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജൂലൈ 11ന് രാത്രി 1 മണിക്ക് ഒരാളും ജൂലൈ 12ന് രാവിലെ 10 മണിക്ക് മറ്റു രണ്ടു പേരും റൂമുകള്‍ വിട്ടു. വിനോദസഞ്ചാരികളെന്ന പേരിലാണ് ഇവര്‍ നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്തിരുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളും ഹെല്‍മെറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ, ഇന്റര്‍പോള്‍, ആര്‍ബിഐ ഉൾപ്പെടെ വിവിധ ഏജന്‍സികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥരടക്കം 40 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ എടിഎം കൌണ്ടറുകളിലും പരിശോധന നടത്താന്‍ ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കി. കവര്‍ച്ച നടന്ന കൌണ്ടറുകളില്‍ എടിഎം ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കാനും പുതിയ എടിഎം കാര്‍ഡുകള്‍ നല്‍കാനും എസ്ബിടി തീരുമാനിച്ചു. എടിഎം കൌണ്ടറുകളില്‍ പരിശോധനയും ശക്തമാക്കി.

ഇന്നലെയാണ് തിരുവനന്തപുരം നഗരത്തിലെ എടിഎം കൌണ്ടറുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കവര്‍ന്നതായി പരാതി ലഭിച്ചത്. എസ്ബിഐ, എസ്ബിടി എടിഎം കൌണ്ടറുകളില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. ആധുനിക സംവിധാനങ്ങളുപയോഗിച്ച് പിന്‍ നമ്പറും എടിഎം ബാര്‍ കോഡും ചോര്‍ത്തി പണം കവരുകയായിരുന്നു. ഇതിനോടകം പത്തിലേറെ പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷന്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം തുടങ്ങി വിവിധ ഇടങ്ങളിലെ എസ്ബിടി, എസ്ബിഐ എടിഎം കൌണ്ടറുകളില്‍ ഇടപാട് നടത്തിയവരുടെ അക്കൌണ്ടുകളില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. പണം പിന്‍വലിച്ച ശേഷം അക്കൌണ്ടില്‍ ബാക്കിയുള്ള പണം പിന്‍വലിച്ചതായി എസ്എംഎസ് ലഭിച്ചപ്പോഴാണ് ഉപഭോക്താക്കൾ കവര്‍ച്ച തിരിച്ചറിഞ്ഞത്. ഹൈറസല്യൂഷന്‍ ക്യാമറ, എസ്ഡി കാര്‍ഡ്, ബാര്‍കോഡ് റീഡര്‍ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഡിവൈസാണ് കവര്‍ച്ച നടന്ന എടിഎം കൌണ്ടറുകളില്‍ നിന്ന് ലഭിച്ചത്. സ്കിമ്മര്‍ എന്ന ഡിവൈസ് കൂടി കവര്‍ച്ചക്കായി ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം.

TAGS :

Next Story