ഡിജിപിയുടെ പ്രസ്താവനക്കെതിരെ യുഎപിഎ വിരുദ്ധസമിതി
മുഴുവന്‍ യുഎപിഎ കേസുകളും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു
യുഎപിഎ കേസുകള്‍ സംബന്ധിച്ച ഡിജിപിയുടെ പ്രസ്താവനക്കെതിരെ യുഎപിഎ വിരുദ്ധസമിതി. യുഎപിഎ കേസുകളില്‍ ചിലത് പിന്‍വലിച്ചെന്ന വാദം അവ്യക്തവും ദുരുദ്ദേശപരവുമാണെന്നാണ് യുഎപിഎ വിരുദ്ധസമിതിയുടെ ആരോപണം. മുഴുവന്‍ യുഎപിഎ കേസുകളും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
42 യുഎപിഎ കേസുകള്‍ പിന്‍വലിച്ചെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ ഡിജിപി തയ്യാറായിട്ടില്ല. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 162 യുഎപിഎ കേസുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും പോസ്റ്ററൊട്ടിക്കല്‍ നോട്ടീസ് വിതരണം പരസ്യമായ യോഗങ്ങള്‍ നടത്തല്‍ എന്നിവയുടെ പേരിലാണ്. ഈ കേസുകളിലെ യുഎപിഎ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ലെന്ന് യുഎപിഎ വിരുദ്ധസമിതി ആരോപിക്കുന്നു. ഇനി മുതല്‍ യുഎപിഎ ചുമത്തുമ്പോള്‍ ഉന്നത പോലീസുദ്ധ്യോഗസ്ഥരുടെ അനുമതി വേണമെന്ന ഡിജിപിയുടെ വാദം തെറ്റാണെന്നും ഇതിനകം തന്നെ കേരളത്തില്‍ ചുമത്തപ്പെട്ട കേസുകളില്‍ ഭൂരിപക്ഷവും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ്.
ഡിജിപിയുടെ നിലപാട് എല്‍ഡിഎഫിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ആത്മാര്‍ത്ഥമായിട്ടാണ് നടപടിയെങ്കില്‍ മുഴുവന്‍ യുഎപിഎ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16