ന്യൂനപക്ഷ വോട്ടുകള്‍ നോട്ടമിട്ടാണ് പിണറായി ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
ന്യൂനപക്ഷ വോട്ടുകള്‍ നോട്ടമിട്ടാണ് പിണറായി ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി
രണ്ട് ദിവസത്തിനകം തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായില്ലെങ്കില്‍ കമ്മീഷനെ സമീപിക്കുമെന്ന്
ബിജെപിയുമായി താന്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന പിണറായി വിജയന്റെ ആരോപണം ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വെച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയുമായി താന്‍ രഹസ്യ ബാന്ധവമുണ്ടാക്കിയെന്നു പറയുന്ന പിണറായി വിജയന്‍ തെളിവ് പുറത്ത് വിടാന്‍ തയ്യാറാകണം. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സിപിഎമ്മിനു തന്നെ തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച വി എസ് അച്യുതാനന്ദനെതിരെ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് പിണാറായി വിജയന്‍ തനിക്കെതിരെ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയോടും ആര്‍എസ്എസിനോടും സന്ധിയില്ലാ സമരം നടത്തുകയാണ് കോണ്‍ഗ്രസ്. 1977 ല്‍ സിപിഎമ്മും ജനസംഘവും ഒരു കുടക്കീഴില്‍ മത്സരിച്ചത് പിണറായി മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്. മാധ്യമങ്ങളെ കാണാന്‍ പിണറായി വിജയന്‍ വിമുഖത കാണിക്കുന്നതിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല.
പിന്നീട് 1989-ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ബിജെപിയുമായി കമ്മ്യൂണിസ്റ്റുകാര്‍ കൂട്ടുകൂടി. അതിന്റെ ഫലമായിട്ടാണ് വി.പി.സിംഗ് അധികാരത്തിലെത്തിയതെന്ന് കേരളത്തിലെ സിപിഎമ്മുകാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2008ല്‍ ആണവക്കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സിപിഎം വീണ്ടും ബിജെപിയുമായി കൂട്ടുകൂടി. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം അസഹിഷ്ണുതയ്‌ക്കെതിരെ പ്രസംഗിക്കുന്ന സിപിഎം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ കൂടെ നല്‍ക്കാതെ ഒറ്റയ്ക്ക് മത്സരിക്കുകയാണുണ്ടായത്. ഇത് വര്‍ഗീയ ദ്രുവീകരണങ്ങള്‍ക്ക് വഴിവയ്ക്കുകയും ബിജെപിക്ക് 11 സീറ്റിലെങ്കിലും വിജയം നേടിക്കൊടുക്കുകയും ചെയ്തുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭരണ വിരുദ്ധ വികാരമില്ലാത്തതിനാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് നേട്ടമുണ്ടാക്കാനാണ് വി എസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസത്തിനകം തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറായില്ലെങ്കില്‍ കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വ്യാജ ആരോപണങ്ങളാണ് പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കോഴിക്കോട് പറഞ്ഞു. വി എസ് ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടി ഔദ്യോഗിക രേഖകളാണ്. പാമോലിന്‍ കേസില്‍ കരുണാകരനെ പിന്തുണച്ച് നിയമസഭയില്‍ സംസാരിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ഉഡായിപ്പ് രാഷ്ട്രീയക്കാരനാണെന്ന വി എസിന്റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Adjust Story Font
16