വരാപ്പുഴ കസ്റ്റഡി മരണം: ദൃക്‍സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും
വരാപ്പുഴ കസ്റ്റഡി മരണം: ദൃക്‍സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും
പറവൂര്‍ സിഐയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി; മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നേക്കും
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ ദൃക്‍സാക്ഷികളുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. എസ്ഐക്കും ആര്‍ടിഎഫുകാര്‍ക്കും പുറമേ കൂടുതല്‍ പോലീസുകാര്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ വിധേയമാക്കുക. അതേസമയം കസ്റ്റഡി കൊലപാതകത്തിലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും.
ശ്രീജിത്തിന് വരാപ്പുഴ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് മുഖത്ത് ബാഹ്യമായ പരിക്കുകളില്ലായിരുന്നു. എന്നാല്‍ പിന്നീട് മൂക്കിലും, കണ്ണിന് താഴെയും കഴുത്തിലുമെല്ലാം ബാഹ്യമായ പരിക്കുകളുണ്ടായിരുന്നതായി വ്യക്തമായി. ഇത് സ്റ്റേഷന് പുറത്തുവെച്ച് നടന്ന മര്‍ദ്ദനമാണെന്നാണ് വീടാക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇവരിലേക്കുകൂടി അന്വേഷണമെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ ദൃക്‍സാക്ഷികളുടെ ഈ വെളിപ്പെടുത്തലിനെ ഗൌരവത്തിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വീടാക്രമണക്കേസിലെ പ്രതികളെ സ്റ്റേഷനിലെത്തി കണ്ടിരുന്നില്ലെന്ന പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിന്റെ വാദത്തെയും ദൃക്‍സാക്ഷികള്‍ തള്ളിയിരുന്നു. ക്രിസ്പിന്‍ സാമിന്റെ മൊഴി ഇതിനിടെ അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോടതി തീരുമാനം വരട്ടെയെന്ന പ്രതികരമാണ് ഡിജിപി നടത്തിയത്.
അതേസമയം സിബിഐ അന്വേഷണമാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Adjust Story Font
16