വേമ്പനാട്ടുകായലില്‍ കൊഞ്ചിന്റെ ലഭ്യതയില്‍ വന്‍കുറവ്
വേമ്പനാട്ടുകായലില്‍ കൊഞ്ചിന്റെ ലഭ്യതയില്‍ വന്‍കുറവ്
വർഷം 18 ടൺ കൊഞ്ചുമാത്രമാണ് ഇപ്പോൾ കിട്ടുന്നതെന്നാണ് കാർഷിക സർവ്വകലാശാലയുടെ കണക്കുകൾ.
വേമ്പനാട്ടുകായലിൽ കൊഞ്ചിന്റെ ലഭ്യതയിൽ വലിയ കുറവെന്ന് പഠന റിപ്പോർട്ട്. വർഷം 18 ടൺ കൊഞ്ചുമാത്രമാണ് ഇപ്പോൾ കിട്ടുന്നതെന്നാണ് കാർഷിക സർവ്വകലാശാലയുടെ കണക്കുകൾ. തണ്ണീർമുക്കം ബണ്ടാണ് കൊഞ്ചിന്റെ വളർച്ചക്ക് തടസം നിൽക്കുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. നാന്നൂറിലധികം ടൺ വരെ കൊഞ്ച് കിട്ടിയിരുന്ന കാലമുണ്ടായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ഇതിന്റെ ഭീകരത മനസിലാവുക.
കൊഞ്ചിന്റെ തറവാടാണ് വേമ്പനാട്ടുകായൽ. എന്നാൽ ആ കുടുംബത്തിൽ ഇപ്പോൾ പഴയപോലെ ഈ തറവാട്ടംഗത്തെ കാണാനില്ല. ഇതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണണത്തിൽ ശാസ്ത്രജ്ഞര്‍ കാരണങ്ങളും കണ്ടെത്തി. കുട്ടനാട്ടിലെ ശുദ്ധജലത്തിലാണ് കൊഞ്ച് ജീവിക്കുന്നത്. എന്നാൽ മുട്ടവിരിയിക്കാൻ ഇവക്ക് ഉപ്പുരസമുള്ള വെള്ളം വേണം. അതിനുള്ള സമയമാകുമ്പോൾ കുട്ടനാട്ടിലെ ശുദ്ധജലത്തിൽനിന്ന് വൈക്കം കായലിലേയ്ക്ക് ഇവ സഞ്ചരിക്കും.
ഒക്ടോബർ മാസത്തിലാണ് കൊഞ്ചിന്റെ മുട്ട വിരിയുക. അതായത് കൃഷിക്കുശേഷം തുറന്നിരിക്കുന്ന തണ്ണീർമുക്കം ബണ്ടിലൂടെ മുട്ടയും വഹിച്ച് ഇവ കൂട്ടമായി വൈക്കം കായലിലെത്തും. ഒരു മുട്ടയിൽ നിന്ന് കുറഞ്ഞത് 75,000 വരെ കുഞ്ഞുങ്ങൾ വിരിയും. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് 12 ശതമാനം വരെ ലവണാംശമുള്ള വെള്ളത്തിലേ ജീവിക്കാനാകൂ. ഒരു മാസം കഴിഞ്ഞാൽ ശുദ്ധജലത്തിലും ജീവിക്കും. ഡിസംബർ പകുതിയോടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടക്കും. ഉപ്പുനിറഞ്ഞ കായലിൽ പിറന്ന കൊഞ്ചിൻ കുഞ്ഞുങ്ങൾക്ക് തിരിച്ച് കുട്ടനാട്ടിലെ ശുദ്ധജലത്തിലേയ്ക്ക് മടങ്ങാനുള്ള വഴിയാണ് ഇതോടെ അടയുന്നത്. ഫലം അവ കൂട്ടമായി ചത്തൊടുങ്ങും. വശനാശത്തിന്റെ ഈ സാഹചര്യത്തെ ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്
നിലവിൽ കൃഷിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ബണ്ടിന്റെ ഷട്ടറുകളുടെ പ്രവർത്തനം. തണ്ണീർമുക്കം ബണ്ടിൽ മത്സ്യപാത നിർമ്മിക്കണമെന്ന് കാട്ടി വിദഗ്ധ സമിതി വർഷങ്ങൾക്ക് മുൻപ് ശിപാർശ നൽകിയതാണ്. എന്നാൽ അത് അധികാരികൾ ഗൗരവത്തോടെ എടുത്തില്ല. ബണ്ട് ഒരു വർഷം തുറന്നിടണമെന്ന ആശയം നിലവിലെ സർക്കാറിന് മുന്നിലുണ്ട്. അതിലാണ് ഇപ്പോൾ ഗവേഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതീക്ഷ.
Adjust Story Font
16