Quantcast

കയ്യേറ്റക്കാരോട് ദയയില്ല, ഒഴിപ്പിക്കും: മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    7 May 2018 9:01 PM GMT

കയ്യേറ്റക്കാരോട് ദയയില്ല, ഒഴിപ്പിക്കും: മുഖ്യമന്ത്രി
X

കയ്യേറ്റക്കാരോട് ദയയില്ല, ഒഴിപ്പിക്കും: മുഖ്യമന്ത്രി

വീടും ഭൂമിയുമില്ലാതെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ദാക്ഷിണ്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. വീടും ഭൂമിയുമില്ലാതെ കുടിയേറി താമസിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. മൂന്നാറിലെ ഭൂവിനിയോഗം സംബന്ധിച്ച് സമഗ്രമായ നിയമ നിര്‍മാണം ആലോചനയിലാണ്. ചില നിയമങ്ങളില്‍ പ്രായോഗികത നിലനിര്‍ത്തി ഭേദഗതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുമായുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്നാറിലെ ഭൂമി വനം വകുപ്പിന് കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചു.ന്

മൂന്നാര്‍ വിഷയത്തില്‍ ഇടതുമുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് സര്‍ക്കാരിനറിയാം. രാഷ്ട്രീയ ജീര്‍ണത ഇടുക്കിയില്‍ മാത്രമായി ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാർ ഭൂപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന്‍റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുനീക്കിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. കുരിശ് പൊളിച്ച നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തുവരികയും ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍നടപടികള്‍ക്ക് മുന്‍പ് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിക്കാന്‍ എല്‍ഡിഎഫ് യോഗമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

തൈക്കാട് ഗസ്റ്റ്ഹൌസില്‍ വിവിധ തുറകളിലുള്ളവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടക്കുകയാണ്. ആദ്യം പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടന്നു. മുഖ്യമന്ത്രിയെക്കൂടാതെ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍, ഇടുക്കി ജില്ലാ കളക്ടര്‍, ദേവികുളം സബ്കളക്ടര്‍, ഉന്നത റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

യോഗത്തിന് മുന്നോടിയായി കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പട്ടിക തയ്യാറാക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.

TAGS :

Next Story