വെടിക്കെട്ടിന് നിയന്ത്രണം: ഹരജി പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്
വെടിക്കെട്ടിന് നിയന്ത്രണം: ഹരജി പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്
കഴിഞ്ഞ ദിവസം ഹൈക്കോടതി രാത്രികാലങ്ങളില്‍ ഉഗ്ര ശേഷിയുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വെടിക്കെട്ടിന് നിയന്ത്രണം വരുത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിന് ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. അമിക്കസ്‍ക്യൂറിയുടെ റിപ്പോര്‍ട്ടും കേസന്വേഷണം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളും കോടതി പരിഗണിക്കും.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ ദുരന്തത്തിന്റെ ഗൌരവം കണക്കിലെടുത്താണ് വിഷു ദിനത്തില്‍ ഹൈക്കോടതി കേസിന്റെ വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി, രാത്രികാലങ്ങളില്‍ ഉഗ്ര ശേഷിയുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി, കേസന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണോ, വെടിക്കെട്ടിന് സ്ഥിരമായ എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുത്തണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തും. കൊല്ലം ജില്ലാ ഭരണകൂടം, പോലീസ്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് തെറ്റ് പറ്റിയുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, ഉദ്യോഗസ്ഥര്‍ നിയമലംഘനമാണ് നടത്തിയതെങ്കില്‍ അക്കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സി ബി ഐ അന്വേഷിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പരവൂരില്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിട്ടും മത്സരകമ്പം നടന്നതില്‍ പോലീസിനും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിനും ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നും ലൈസന്‍സ് പരിശോധിക്കാതെ മടങ്ങിയ സി ഐ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ലൈസന്‍സില്ലാതെ വന്‍തോതില്‍ എങ്ങനെയാണ് സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചത്, തീരദേശ പ്രദേശമായതിനാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സാന്നിദ്ധ്യം എന്നിവ അന്വേഷിച്ച് അമിക്കസ്ക്യൂറി സി എസ് ഡയാസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. അപകടം തടയാന്‍ ഒന്നും ചെയ്യാതിരുന്ന പോലീസ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിലെ അഭംഗിയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16