മോദിയുടെ പ്രഭാഷണത്തില്‍ നിലപാടെടുക്കാതെ സര്‍ക്കാര്‍
മോദിയുടെ പ്രഭാഷണത്തില്‍ നിലപാടെടുക്കാതെ സര്‍ക്കാര്‍
സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു യുജിസി നിര്‍ദേശം
മോദിയുടെ പ്രഭാഷണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന വിഷയത്തില്‍ നിലപാടെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. ദീന്‍ദയാല്‍ ഉപധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു യുജിസി നിര്‍ദേശം. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച സംഭവത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൌനം തുടരുന്നത്.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125 ാം വാര്‍ഷകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാഷണം നടക്കുന്നത് തിങ്കളാഴ്ചയാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ദീന്‍ ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് വേദി. പ്രധാനമന്ത്രിയുടെ പ്രഭാഷണം രാജ്യത്തെ നാല്പതിനായിരത്തോളം വരുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുജിസി സര്‍വകലാശാലകള്‍ക്കും എ ഐ സി ടി ഇ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസത്തിന്റെ കാവിവത്കരണത്തിന്റെ ഭാഗമായ പദ്ധതി ആയതിനാല്‍ കേന്ദ്ര നിര്‍ദേശം അനുസരിക്കരുതെന്ന് ബംഗാള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. യുജിസി നിര്‍ദേശമായതിനാല്‍ നേരിട്ട് യൂണിവേഴ്സിറ്റികള്‍ക്കാണ് നിര്‍ദേശം ലഭിക്കുകയെന്ന വാദമാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേകം നിര്‍ദ്ദേശമൊന്നും വരാത്തതിനാല്‍ തീരുമാനമെടുക്കുന്നതില്‍ യൂണിവേഴ്സിറ്റികള്‍ക്കും ആശയക്കുഴപ്പമുണ്ട്.
Adjust Story Font
16