എന്നെ ചെളിവാരി എറിയുന്നവർക്ക് നന്ദി, കൂടുതൽ കരുത്തനാക്കുന്നതിന്; ഹൈബി ഈഡന്‍
എന്നെ ചെളിവാരി എറിയുന്നവർക്ക് നന്ദി, കൂടുതൽ കരുത്തനാക്കുന്നതിന്; ഹൈബി ഈഡന്‍
ഈ വിഷയത്തിൽ എന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോൾ തന്നെ ഞാൻ എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്
സോളാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈബി ഈഡന്‍ എംഎല്‍എ രംഗത്ത്. തട്ടിപ്പു നടത്തിയെന്ന് പറയപ്പെടുന്ന സരിത എസ്. നായർക്കെതിരെ നടപടിയെ കുറിച്ച് പോലും ഈ റിപ്പോർട്ടിൽ പരാമർശം ഇല്ലായെന്നത് കമ്മീഷൻ റിപ്പോർട്ടിന്റെ വിശ്വാസ്യതയിൽ ചോദ്യം ഉയർത്തുകയാണെന്ന് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ഗുഡാലോചനയാണെന്ന് ഹൈബി കൊച്ചിയില്‍ പറഞ്ഞു.
ആരോപണങ്ങളെ നിയമപരമായി നേരിടും. സരിതക്കെതിരെ മാനനഷ്ട കേസ് കൊടുക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. നിലവിൽ സോളാർ ആരോപണങ്ങളുമായി ബന്ധപ്പെട്ടു രണ്ടു കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ കമ്മിഷനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് ഒരു കത്തിന്റെ രൂപത്തിൽ വന്ന നിറം പിടിപ്പിച്ച കഥകൾക്ക് ഒരു റിപ്പോർട്ടിന്റെ പുറം ചട്ട ഉണ്ടാക്കി എന്നതിനപ്പുറം യാതൊരു പുതുമയും ഇല്ല. ഈ വിഷയത്തിൽ എന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോൾ തന്നെ ഞാൻ എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രസ്തുത കമ്പനിയുടെ തട്ടിപ്പിന് ഇരയായ പാലക്കാടുള്ള ഒരു വ്യക്തിക്ക് വേണ്ടി ഷാഫി പറമ്പിൽ എം.എൽ.എ.യുടെ ആവശ്യപ്രകാരം ഞാൻ സരിത എസ്.നായരെ ഫോണിൽ വിളിച്ചിട്ടുണ്ട്. അതിനപ്പുറം ഉയർന്ന ആരോപണങ്ങളിലും ഈ മുഴുവൻ വിവാദത്തിനും ആധാരമായി പറയുന്ന കത്തിലും ഒരു യാഥാർഥ്യവും ഇല്ല. ഹൈക്കോടതി പോലും വിശ്വാസ്യതയില്ല എന്ന് പറഞ്ഞിട്ടുള്ള മുപ്പത്തി മൂന്നു തട്ടിപ്പു കേസിലെ പ്രതിയുടേതെന്നു പറയപ്പെടുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെ കരിവാരിതേക്കുക എന്നത് മാത്രമാണ് ഇതിന്റെ പുറകിലെ ഗൂഢോദ്ദേശ്യം. ഈ വിവാദങ്ങൾ എല്ലാം തുടക്കം കുറിച്ച പിന്നീട് ഇടതു പക്ഷത്തിലേക്കു പോയ എം.എൽ.എ.യുൾപ്പടെയുള്ളവരുടെ പേരുകളും, ഇത്ര മാത്രം തട്ടിപ്പു നടത്തിയെന്ന് പറയപ്പെടുന്ന സരിത എസ്. നായർക്കെതിരെ നടപടിയെ കുറിച്ച് പോലും ഈ റിപ്പോർട്ടിൽ പരാമർശം ഇല്ലായെന്നത് കമ്മീഷൻ റിപ്പോർട്ടിന്റെ വിശ്വാസ്യതയിൽ ചോദ്യം ഉയർത്തുകയാണ്.
രാഷ്ട്രീയത്തിന്റെ എല്ലാ മാന്യതകളും ലംഘിച്ചു നടക്കുന്ന ഈ നാടകം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനു സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇന്ന് പറഞ്ഞിരിക്കുന്ന അതെ ആരോപണങ്ങൾ നിലനിന്നപ്പോൾ തന്നെ എന്നിൽ പൂർണ്ണ വിശ്വാസം ഒരു തെരഞ്ഞെടുപ്പിലൂടെ രേഖപ്പെടുത്തിയ എറണാകുളത്തെ ജനങ്ങൾ നൽകുന്ന ആത്മധൈര്യത്തിലും കരുത്തിലും ഈ ആരോപണങ്ങളെയും നേരിടും. രാഷ്ട്രീയമായി ഉയർത്തുന്നവർക്കെതിരെ രാഷ്ട്രീയമായും നിയപരമായി നേരിടേണ്ടിടത്ത് നിയമപരമായും. എനിക്ക് പിന്തുണ അറിയിച്ചവർക്കു നന്ദി. എന്നെ ചെളിവാരി എറിയുന്നവർക്കും നന്ദി, എന്നെ കൂടുതൽ കരുത്തനാക്കുന്നതിന്...
സത്യമേവ ജയതേ!!
Adjust Story Font
16