വാളയാറിലെ പെണ്‍കുട്ടികളുടെ മരണം; അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ അട്ടിമറിച്ചു
ഋത്വികയുടെ മരണം ആത്മഹത്യയയെന്ന് എഫ്ഐആര്‍. പ്രഥമ സാക്ഷി മൊഴിയിക്ക് വിരുദ്ധമായി പെണ്‍കുട്ടി മനോവിഷമത്താല്‍ കെട്ടിത്തൂങ്ങിയതാണെന്ന് പോലീസ് രേഖപ്പെടുത്തി
വാളയാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരില്‍ മൂത്തയാളായ ഋത്വികയുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് തുടക്കത്തിലേ അട്ടിമറിച്ചു. മരണം സംബന്ധിച്ച പ്രഥമ സാക്ഷി മൊഴിയിക്ക് വിരുദ്ധമായി പെണ്‍കുട്ടി മനോവിഷമത്താല്‍ കെട്ടിത്തൂങ്ങിയതാണെന്ന് പോലീസ് രേഖപ്പെടുത്തി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരിക്കെയാണ്, വളരെ പെട്ടെന്ന് പോലീസ് മരണം ആത്മഹത്യയാക്കിയത്.
ഋത്വികയുടെ മരണം നടന്ന ജനുവരി പതിമൂന്നിന് രാത്രി ഏഴരക്കാണ് ബന്ധുവാണ് ഉണ്ണികൃഷ്ണന്‍ വാളയാര്‍ എസ്ഐ പിന്‍സണ്‍ പി ജോസഫ് മുന്പാകെ പ്രഥമ സാക്ഷി മൊഴി നല്‍കിയത്. സാക്ഷിമൊഴിയില്‍ മരണ സമയം സംബന്ധിച്ചും പ്രഥമ സാക്ഷിയെകക്കുറിച്ചുമല്ലാതെ മരണകാരണത്തെ കുറിച്ചോ മരണത്തിന്‍റെ സ്വഭാവത്തെ കുറിച്ചോ പരാമര്‍ശമൊന്നുമില്ല. എന്നാല്‍, ഇതേ എസ്ഐ പാലക്കാട് സബ് ഡിവിഷണലല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പെണ്‍കുട്ടി ഷാളു കൊണ്ട് സ്വയം കെട്ടിത്തൂങ്ങി മരിച്ചുവെന്ന് മൊഴി നല്‍കിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു..
ഇതോടെ, മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്. അതേസമയം, പെണ്‍കുട്ടിയെ ബന്ധുവായ ഒരാള്‍ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയെന്ന് മാതാവ് ഭാഗ്യാവതി പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച സൂചനയുണ്ടായിരുന്നു. എന്നാല്‍, ഋത്വികയുടെ മരണത്തില്‍ നിര്‍ണായക സാക്ഷിമൊഴി രണ്ടാമത് മരിച്ച ശരണ്യയുടേതായിരുന്നു. ഋത്വികയെ മരിച്ചനിലയില്‍ കണ്ട സമയത്ത് വീട്ടില്‍ നിന്നാരോ ഇറങ്ങിപ്പോയിയെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് വാളയാര്‍ പോലീസ് മരണം ആത്മഹത്യയായി ചിത്രീകരിച്ച് അന്വേഷണം അവസാനിപ്പിച്ചത്.
Adjust Story Font
16