Quantcast

മൊബൈല്‍ നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന് പരാതി

MediaOne Logo

admin

  • Published:

    8 May 2018 9:23 AM GMT

പതിനയ്യായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം വിലകുറഞ്ഞ വസ്തുക്കള്‍ പാഴ്‌സലായി അയച്ച് നല്‍കി വഞ്ചിച്ചതായാണ് പരാതി...

സമ്മാനമായി മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന വ്യാജേന പണം തട്ടിയതായി പരാതി. പതിനയ്യായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം വിലകുറഞ്ഞ വസ്തുക്കള്‍ പാഴ്‌സലായി അയച്ച് നല്‍കി വഞ്ചിച്ചതായാണ് പരാതി. സംസ്ഥാനത്ത് ഇത്തരത്തില്‍ നിരവധിപേര്‍ തട്ടിപ്പിനിരയാകുന്നതായാണ് ആക്ഷേപമുയരുന്നത്.

സാംസങ് ഫോണ്‍ കമ്പനിയില്‍ നിന്ന് എന്ന പേരില്‍ പത്തനംതിട്ട കരിമ്പന്നൂര്‍ സ്വദേശിയായ അഖിലിന് 7210478580 എന്ന നമ്പറില്‍ നിന്ന് പതിനയ്യായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചു. സമ്മാനം കൈപ്പറ്റുന്നതിന് 3200 ടാക്‌സ് അടയ്ക്കാനും നിര്‍ദേശം കിട്ടി. ഇത് പക്ഷേ പോസ്‌റ്റോഫീസില്‍ നിന്ന് പാഴ്‌സല്‍ കൈപ്പറ്റുമ്പള്‍ നല്‍കിയാല്‍ മതി. ഇങ്ങനെ പണമടച്ച് പാഴ്‌സല്‍ കൈപ്പറ്റിയ അഖിലിന് പക്ഷേ കിട്ടിയതാകട്ടെ മുന്നൂറ് രൂപ പോലും വിലയില്ലാത്ത ചില വസ്തുക്കളാണെന്ന് മാത്രം.

മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന വ്യാജേന ഇത്തരത്തില്‍ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണെന്നാണ് വിവരം. പാഴ്‌സല്‍ കൈപ്പറ്റിയ നമ്പറില്‍ നിന്ന് തിരികെ വിളിച്ചാല്‍ പിന്നെ മറുപടി ലഭിക്കില്ല. മറ്റൊരു നമ്പറില്‍ നിന്ന് ഞങ്ങള്‍ സമ്മാന സന്ദേശം നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടി പറഞ്ഞ മലയാളി സ്ത്രീയുടെ പ്രതികരണം തട്ടിപ്പിന്റെ ആഴങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നതായിരുന്നു

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെട്രിക്‌സ് എന്ന സ്ഥാപനമാണ് സമ്മാന വിതരണം നടത്തുന്നതെന്നാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നത്. മൊബൈല്‍ ഫോണ്‍ തട്ടിപ്പിന് കൂടുതലും ഇരകളാവുന്നത് വിദ്യാര്‍ഥികളാണ്. ഇവരെ എളുപ്പത്തില്‍ വലയിലാക്കാം എന്നതാണ് ഇതിന് പിന്നിലെ തന്ത്രവും. നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് ഇത്തരം തട്ടിപ്പുകളിലധികവും നടത്തുന്നതെന്ന് ചുരുക്കം രണ്ടിലധികം തവണ വിളിച്ച് വിശ്വാസവും നേടിയെടുക്കും. തട്ടിപ്പിനിരയായവര്‍ പലരും ചെറിയ തുകയാണല്ലോ എന്ന് കരുതി ആശ്വസിക്കും.

തട്ടിപ്പുകള്‍ പലരൂപത്തില്‍ വന്നിട്ടും പിന്നെയും തലവെച്ചുകൊടുക്കാന്‍ മലയാളി റെഡിയാണ് എന്നിടത്താണ് തട്ടിപ്പുകാരുടെ വിജയം. മാനക്കേട് ഭയന്ന് തട്ടിപ്പിനിരയായ പലരും ഇത് പുറത്ത് പറയുന്നുമില്ല. തട്ടിപ്പിനിരയായ അഖില്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

TAGS :

Next Story