ഓഖി ചുഴലിക്കാറ്റ്; ലക്ഷദ്വീപ് നിവാസികള്‍ കടുത്ത ആശങ്കയില്‍
ഓഖി ചുഴലിക്കാറ്റ്; ലക്ഷദ്വീപ് നിവാസികള്‍ കടുത്ത ആശങ്കയില്‍
കല്‍പേനി, മിനിക്കോയ് ദ്വീപുകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്
ഓഖി ചുഴലിക്കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ ലക്ഷദ്വീപ് നിവാസികള്‍ കടുത്ത ആശങ്കയില്‍. കല്‍പേനി, മിനിക്കോയ് ദ്വീപുകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിച്ചത്. കാറ്റിന്റെ വേഗത കുറയുകയോ ദിശമാറുകയോ ചെയ്തില്ലെങ്കില്‍ വലിയ നാശനഷ്ടം ഉണ്ടാകാനാണ് സാധ്യത.
മണിക്കൂറില്‍ 91 കിലോമീറ്റര്‍ വേഗതയിലാണ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്നത്. ഇതിനോടകം തന്നെ ലക്ഷദ്വീപില്‍ വലിയ നാശമാണ് ഓഖി ചുഴലിക്കാറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കല്‍പേനിയില്‍ അഞ്ച് ബോട്ടുകള്‍ കടലില്‍ മുങ്ങിയതായാണ് സ്ഥിരീകരിക്കാത്ത വിവരം. മിനിക്കോയ്, കല്‍പേനി ദ്വീപുകളില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വലിയ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞുവീശുകയാണ്. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു വീണു. തീരപ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
തീരപ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷതിമായ സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. നേവിയുടെ കൂടുതല്‍ യൂണിറ്റുകള്‍ ദ്വീപിലെത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗതയും ഗതിയുമനുസരിച്ച് രക്ഷാപ്രവര്‍ത്തനദൌത്യത്തിനുള്ള കൂടുതല്‍ സജ്ജീകരണങ്ങള്‍ ദ്വീപില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കവരത്തി ദ്വീപുകളുടെ സമീപത്തേക്ക് ഓഖി എത്തുമെന്നാണ് വിലയിരുത്തല്‍. ഇതിന് ശേഷം കാറ്റിന്റെ ദിശ ഗുജറാത്ത് തീരത്തേക്ക് മാറുമെന്നും ഇതോടെ കാറ്റിന്റെ വേഗത കുറയുമെന്നുമുള്ള പ്രതീക്ഷയാണ് കാലാവസ്ഥ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്.
Adjust Story Font
16