Quantcast

പെട്രോളടിക്കണോ ? 500 രൂപക്ക് അടിച്ചോളൂ... ചില്ലറ തരില്ല

MediaOne Logo

Alwyn

  • Published:

    9 May 2018 6:38 PM GMT

പെട്രോളടിക്കണോ ? 500 രൂപക്ക് അടിച്ചോളൂ... ചില്ലറ തരില്ല
X

പെട്രോളടിക്കണോ ? 500 രൂപക്ക് അടിച്ചോളൂ... ചില്ലറ തരില്ല

സാധാരണക്കാരെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ മൂലം കഷ്ടത്തിലായിരിക്കുന്നത് സാധാരണക്കാര്‍ തന്നെയാണ്.

സാധാരണക്കാരെ ബാധിക്കില്ലെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ മൂലം കഷ്ടത്തിലായിരിക്കുന്നത് സാധാരണക്കാര്‍ തന്നെയാണ്. ഇന്നലെ രാത്രി പ്രഖ്യാപനം വന്നതു മുതല്‍ കൈവശമുള്ള നോട്ടുകള്‍ ഏതുവിധേനയെങ്കിലും മാറ്റിയെടുക്കാനായിരുന്നു പലരുടെയും ശ്രമം. ഇതിനായി പെട്രോള്‍ പമ്പ് മുതല്‍ കടകളിലും മെഡിക്കല്‍ ഷോപ്പുകളിലും വരെ വന്‍ ക്യൂ രൂപപ്പെട്ടു. ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ പ്രതിസന്ധി രൂക്ഷമായി. മിക്കയിടങ്ങളിലും 500, 1000 രൂപ നോട്ടുകള്‍ കെട്ടികിടക്കാന്‍ തുടങ്ങിയതോടെയാണ് ചെറിയ നോട്ടുകള്‍ക്ക് ക്ഷാമമായത്.

പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലും മെഡിക്കല്‍ ഷോപ്പുകളിലും റെയില്‍വേ, കെഎസ്ആര്‍ടിസി വരെയുള്ള മേഖലകളില്‍ 100, 50 രൂപ നോട്ടുകള്‍ക്ക് വന്‍ ക്ഷാമമാണ് നേരിടുന്നത്. പെട്രോള്‍ പമ്പുകളില്‍ 500, 1000 രൂപയുമായി എത്തുന്നവര്‍ക്ക് കുറഞ്ഞത് 500 രൂപക്കെങ്കിലും പെട്രോള്‍ വാങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്. 100 രൂപക്ക് പെട്രോള്‍ അടിച്ച് 500 രൂപ നല്‍കാനുള്ള ശ്രമം ഇനി വിലപ്പോവില്ല. പെട്രോള്‍ വേണോ ? 500 രൂപക്കും പെട്രോള്‍ അടിക്കേണ്ടി വരും. മെഡിക്കല്‍ ഷോപ്പുകളിലാണെങ്കിലും നോട്ടുകള്‍ കെട്ടിക്കിടക്കുകയാണ്. ആയിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ടെന്നാണ് മിക്ക മെഡിക്കല്‍ ഷോപ്പുകളുടെയും തീരുമാനം. ഡോക്ടറുടെ കുറിപ്പില്ലാതെ 500 രൂപയുമായി മരുന്ന് വാങ്ങാന്‍ എത്തുന്നവര്‍ വലയുമെന്ന് ഉറപ്പ്. ആയിരം രൂപയുടെ നോട്ടാണെങ്കില്‍ ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ പോലും സ്വീകരിക്കില്ല.

അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കി തുടങ്ങിയത്. മിക്ക ബസുകളിലേയും കണ്ടക്ടര്‍മാര്‍ പറയുന്നത്, 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കേണ്ടേന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നാണ്. 11 ാം തിയതി വരെ കെഎസ്ആര്‍ടിസി നോട്ടുകള്‍ സ്വീകരിക്കുമെന്ന അറിയിപ്പ് നിലനില്‍ക്കേയാണിത്. ഇതിനെ ചൊല്ലി യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ഇന്ന് രാവിലെയോടെ തന്നെ റെയില്‍വേ സ്റ്റേഷനുകളിലും പ്രതിസന്ധി രൂക്ഷമായി. ടിക്കറ്റ് എടുക്കാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും 500, 1000 രൂപയുടെ നോട്ടുകളുമായി എത്തിയതോടെ ഉച്ചക്ക് മുമ്പ് തന്നെ 15 ലക്ഷം രൂപയുടെ 500, 1000 രൂപയുടെ നോട്ടുകളാണ് റെയില്‍വെ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നത്. ഈ നോട്ടുകള്‍ കൈമാറുന്നവര്‍ക്ക് ചില്ലറ നല്‍കാനുള്ള സാഹചര്യവും ഇതോടെ ബുദ്ധിമുട്ടിലായി. ഹോട്ടലുകളിലും കടകളിലും സ്ഥിതി വ്യത്യസ്തമല്ല.

നാളെ മുതല്‍ ബാങ്കുകള്‍ വഴിയും പോസ്റ്റ്ഓഫീസുകള്‍ വഴിയും നോട്ടുകള്‍ മാറ്റി എടുക്കാന്‍ കഴിയുമെങ്കിലും ആദ്യഘട്ടമെന്ന നിലക്ക് ഒരാള്‍ക്ക് ഒരു തവണ 4000 രൂപയുടെ നോട്ടുകള്‍ മാത്രമെ മാറ്റിക്കിട്ടുകയുള്ളു. 10 മുതല്‍ 24 വരെ 4000 രൂപ മാത്രമെ മാറ്റിക്കിട്ടുകയുമുള്ളു. എടിഎമ്മില്‍ നിന്നാണെങ്കില്‍ ദിവസം 2000 രൂപയാണ് പരമാവധി പിന്‍വലിക്കാവുന്ന തുക. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും അപ്രതീക്ഷിതമായുള്ള ഈ തീരുമാനം രാജ്യത്തിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

TAGS :

Next Story