ജെഡിയു ഇടത് മുന്നണിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ജെഡിയു ഇടത് മുന്നണിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
മുന്നണി മാറ്റത്തിൽ ഇന്നലെ രാവിലെ ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തിൽ എത്തിയിരുന്നു.
ജെഡിയു ഇടത് മുന്നണിയിലേക്ക് പോകുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗൺസിലിന് ശേഷമാകും പ്രഖ്യാപനം.
മുന്നണി മാറ്റത്തിൽ ഇന്നലെ രാവിലെ ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തിൽ എത്തിയിരുന്നു. സിപിഎം നേതാക്കളുമായുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. നേരത്തെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന കെ പി മോഹനനും മനയത്ത് ചന്ദ്രനും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ നൽകി. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ശ്രേയാംസ്കുമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചെറിയ തോതിൽ അഭിപ്രായ വ്യത്യാസം ഉയർന്നുവന്നെങ്കിലും സംസ്ഥാന സമിതിയിലും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. എല്ലാ മണ്ഡലങ്ങളിൽ നിന്നും ഒരു പ്രതിനിധി എന്ന എന്ന നിലയിൽ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന കൗൺസിൽ പാർട്ടിയുടെ നയം മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും.
സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ എൽഡിഎഫ് ലേക്കുള്ള മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ സിപിഎമ്മുമായി വേദി പങ്കിടുകയും ചെയ്യും എൽഡിഎഫ് ജെഡിയുവിനെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ മുന്നണി പ്രവേശത്തിന് മറ്റ് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഔദ്യോഗികമായ ചർച്ചകൾ പൂർത്തിയായി കഴിഞ്ഞാൽ ജെഡിയു വിന്റെ എൽഡിഎഫ് പ്രവേശം യാഥാർഥ്യമാകും.
ജെഡിയുവിന്റെ മുന്നണിമാറ്റത്തിൽ പ്രതികരിക്കാതിരുന്ന യുഡിഎഫ് നേതാക്കൾ പ്രഖ്യാപനത്തിനുശേഷം പ്രതികരിക്കും രാവിലെ 10ന് തിരുവനന്തപുരത്താണ് സംസ്ഥാനത്ത് യോഗം ചേരുക.
Adjust Story Font
16