വയനാട്ടില്‍ കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റെന്ന് സൂചന
വയനാട്ടില്‍ കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റെന്ന് സൂചന
ഷോക്കേറ്റ് ചെരിഞ്ഞ ആനയുടെ മസ്‌തകത്തില്‍ കമ്പി ഉപയോഗിച്ച് ദ്വാരമുണ്ടാക്കി വെടിയേറ്റ് ചെരിഞ്ഞതാണെന്ന് വരുത്തി അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
വയനാട്ടില്‍ കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റെന്ന് സൂചന. ഷോക്കേറ്റ് ചെരിഞ്ഞ ആനയുടെ മസ്‌തകത്തില്‍ കമ്പി ഉപയോഗിച്ച് ദ്വാരമുണ്ടാക്കി വെടിയേറ്റ് ചെരിഞ്ഞതാണെന്ന് വരുത്തി അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു ശ്രമമെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് കേണിച്ചിറയ്ക്കടുത്ത അതിരാറ്റുകുന്നിലെ വയലില്‍ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശിരസില്‍ മൂന്നിടത്ത് വെടിയേറ്റതു പോലുള്ള പാടുകളുണ്ടായിരുന്നു. ഇതാണ് വെടിയേറ്റാണ് ആന ചെരിഞ്ഞതെന്ന പ്രാഥമിക നിഗമനത്തില്‍ വനംവകുപ്പ് എത്താന്‍ കാരണം. എന്നാല്‍ ഇന്ന് നടത്തിയ വിശദമായ പോസ്റ്റുമോര്‍ട്ടത്തിലാണ് ആന ചെരിഞ്ഞതിനു കാരണം ഷോക്കേറ്റാണെന്ന് പ്രാഥമിക സൂചന ലഭിച്ചത്.
തലയുടെ വലതു ഭാഗത്ത് താഴെയുള്ള മുറിവാണ് ഏറ്റവും ആഴത്തിലുള്ളത്. കൂടാതെ മസ്തിഷ്ക്കത്തില്‍ രണ്ടിടത്ത് മുറിവുകളുമുണ്ട്. വന്യമൃഗ ശല്യം തടയാന്‍ സാധാരണ സോളാര്‍ ഫെന്‍സിങാണ് ഉപയോഗിക്കാറ്. എന്നാല്‍ കൃഷിയിടം സംരക്ഷിയ്ക്കാനായി സ്ഥാപിച്ച ഇലക്ട്രിക്ക് ഫെന്‍സിങില്‍ തട്ടിയാകാം ആനയ്ക്ക് ഷോക്കേറ്റത്. വയനാട്ടില്‍ രണ്ടിടത്ത് കാട്ടാനകള്‍ വെടിയേറ്റു ചെരിഞ്ഞ സംഭവമുള്ളതിനാല്‍ ഇതും ആ ഗണത്തിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മസ്തിഷ്കത്തില്‍ മുറിവുണ്ടാക്കി അതിനുള്ളില്‍ കമ്പി കയറ്റി വച്ചതെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പുറത്തിറങ്ങും. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Adjust Story Font
16