പെണ്‍കുട്ടികളെ പോലീസ് മാനസികമായി പീഢിപ്പിച്ച സംഭവം ഡിജിപി നേരിട്ട് അന്വേഷിക്കണം
പെണ്‍കുട്ടികളെ പോലീസ് മാനസികമായി പീഢിപ്പിച്ച സംഭവം ഡിജിപി നേരിട്ട് അന്വേഷിക്കണം
ഐജി അടക്കമുള്ളവരോട് വീശദീകരണം തേടി
ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ പോലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഢിപ്പിച്ചെന്ന പരാതി ഡിജിപി നേരിട്ട് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ചേര്‍ത്തല ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെയണ് കര്‍ണാടക, ഒഡീഷ സ്വദേശിനികള്‍ പരാതി നല്‍കിയത്. ലൈംഗിക പീഢനത്തിന് ഇരയായെന്ന് മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് പീഢിപ്പിച്ചുവെന്നാണ് പരാതി.
കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 പെണ്‍കുട്ടികളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ചേര്‍ത്തല മംഗള മറൈന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കഴിഞ്ഞ നവംബര്‍ 16ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞായിരുന്നു അരൂര്‍ എസ് ഐയും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബ് പ്രസിഡന്‍റ് അഖില്‍ സോമനും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്ന് തെളിഞ്ഞതോടെ സ്ഥാപന ഉടമ ഇവരെ ലൈംഗികപീഢനത്തിന് ഇരയാക്കി എന്ന് മൊഴി നല്‍കാന്‍ ചേര്‍ത്തല ഡിവൈഎസ്പിയുടേ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. ഗൈനോകോളജിസ്റ്റിന്‍റെ മുന്നില്‍ ഹാജരാക്കി പരിശോധനകള്‍ക്ക് വിധേയരാകാനും പൊലീസ് നിര്‍ബന്ധിച്ചു.
കാക്കനാട് ജുവൈനല്‍ ഹോമിലും കടവന്ത്ര ശാന്തിഭവനിലും പാര്‍പ്പിച്ച ഇവരെ നാട്ടിലേക്ക് വിട്ടയക്കാന്‍ മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടെങ്കിലും കൊച്ചി റേഞ്ച് ഐജി അനുവദിച്ചില്ല. സംഭവത്തില്‍ ഡിജിപി നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളെ വിട്ടയക്കാനുള്ള ഉത്തരവ് ലംഘിച്ച ഐജിയോട് വിശദീകരണം നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കേസിലെ എതിര്‍കക്ഷികളായ പൊലീസ് ഉദ്യോഗസ്ഥരോടും ഒരു മാസത്തിനകം വിശദീകരണം നല്‍കാനും ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിട്ടിട്ടുണ്ട്.
Adjust Story Font
16