എന്തായിരുന്നു സര്‍ക്കാരും-സെന്‍കുമാറും തമ്മിലുള്ള പ്രശ്നം?
എന്തായിരുന്നു സര്‍ക്കാരും-സെന്‍കുമാറും തമ്മിലുള്ള പ്രശ്നം?
സെന്‍കുമാര്‍ കേസിന്റെ നാള്‍വഴികള്‍
സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. കേസ് പരിഗണിച്ച കോടതി പലപ്പോഴായി നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാരിന് കനത്ത ആഘാതമായിരുന്നു. ജിഷാക്കേസ്, പുറ്റിങ്ങല്‍ അപകടം തുടങ്ങിയ സംഭവങ്ങളിലെ വീഴ്ച
ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ ഇത് ചോദിച്ചുവാങ്ങിയ അടിയെന്നാണ് സിപിഎമ്മിനുളളിലെ തന്നെ വിമര്‍ശം.
കേസിലെ നാള്‍വഴികളിലൂടെ...
2015ല്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ ടി പി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആറുദിവസം പിന്നിട്ടപ്പോഴാണ് അപ്രതീക്ഷിതമായി നീക്കുന്നത്. 2016 മെയ് 31 ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇറങ്ങേണ്ടി വന്ന സെന്‍കുമാര്‍ അന്നുതന്നെ
സര്‍ക്കാരിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ചു. ആദ്യം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും പിന്നെ ഹൈക്കോടതിയിലും സെന്‍കുമാര്‍ പരാതിയുമായി എത്തി.
ജിഷാകേസിലെ വീഴ്ചയായിരുന്നു സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ആദ്യകാരണം. സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന വാദം അംഗീകരിച്ച് സെന്‍കുമാറിന്റെ പരാതികള്‍ രണ്ടുകോടതികളും തളളി. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ സുപ്രീംകോടതി കയറിയ സെന്‍കുമാറിന് മുന്നില് 11 മാസങ്ങള്‍ക്ക് ശേഷം നീതിയുടെ വഴിതുറക്കുകയായിരുന്നു.
സെന്‍കുമാര്‍ കേസ് സര്‍ക്കാരിന് വെറും സര്‍വീസ് കേസ് മാത്രമല്ലാതായതോടെ നിയമയുദ്ധം ഏവരും ഉറ്റുനോക്കി. ഒരുവേള മുഖ്യമന്ത്രി പിണറായി വിജയനും സെന്‍കുമാറും തമ്മില്‍ നേരിട്ടുളള ഏറ്റുമുട്ടലായി കാര്യങ്ങള്‍ മാറി. ടി പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെ സിപിഎമ്മുമായി ബന്ധപ്പെട്ട കേസുകളിലെ നടപടിയാണ് തനിക്കെതിരായ സര്‍ക്കാരരിന്റെ പ്രതികാരത്തിന് കാരണമെന്നാണ് സെന്‍കുമാര്‍ കോടതിയില്‍ വാദിച്ചത്. ജിഷാ കേസിനൊപ്പം പുറ്റിങ്ങല്‍ കേസിലെ വീഴ്ചയും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് കാരണമായെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചെങ്കിലും നടപടി നീതിയുക്തമല്ലെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ സെന്‍കുമാറിന്റെ തിരിച്ചുവരവിന് കളമൊരുങ്ങി. 1983 ബാച്ചുകാരനായ സെന്‍കുമാറിന് 2017 ജൂണ് 30 വരെ സര്‍വീസുണ്ട്.
അനുകൂലമായി സുപ്രീംകോടതി വിധി വന്നെങ്കിലും പുനര്‍ നിയമനം വൈകിയതോടെ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി
സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായത്. ടി പി സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമിച്ചുകൊണ്ടുളള ഉത്തരവ് ഇന്നിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ സെന്‍കുമാര്‍ ഇന്നുതന്നെ ചുമതലയേല്ക്കുമെന്നാണ് സൂചന. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുളള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ട സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കുന്നത് സംബന്ധിച്ച് സെന്‍കുമാര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തും.
സർക്കാറിന്റെ വ്യക്തതാ ഹരജി സുപ്രീംകോടതി തളളിയ പശ്ചാത്തലത്തിലാണ് സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി പുനർനിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഇന്നലെ ഒപ്പിട്ടു. ഉത്തരവ് ഇന്ന് സെന്‍കുമാറിന് കൈമാറും. നിലവിലെ പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്റയെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇന്നുണ്ടാകും. എന്നാൽ അവധിയിലുളള ജേക്കബ് തോമസിന്റെ പുനർനിയമനകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ സെന്‍കുമാര്‍ ഇന്നുതന്നെ ചുമതലയേല്ക്കുമെന്നാണ് സൂചന. നിലവിൽ ഐ.എം.ജി ഡയറക്ടറാണ് സെൻകുമാർ.
സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ വരുന്ന ചൊവ്വാഴ്ച സുപ്രീംകോടതി വാദം കേൾക്കുന്നുണ്ട്. സെൻകുമാറിനെ പോലീസ് മേധാവിയായി പുനൻനിയമിക്കാൻ സർക്കാർ തീരുമാനമെടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കുന്നത് സംബന്ധിച്ച് സെന്‍കുമാര്‍ അഭിഭാഷകരുമായി കൂടിയാലോചിക്കും. നിയമനം വൈകിയാൽ ചീഫ് സെക്രട്ടറി ജയിലിൽ പോകുന്നതടക്കമുളള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിയമോപദേശം മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു .ഈ പശ്ചാത്തലത്തിലാണ് സെൻകുമാറിന്റെ പുനർനിയമനം വേഗത്തിലാക്കാൻ സർക്കാർ നിർബന്ധിതമായത്. സെൻകുമാറിന്റെ നിയമനം വൈകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും മുഖ്യമന്ത്രിക്ക് നിർദേശം നൽകിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാര്‍ ചുമതലയേല്ക്കുന്നതോടെ സര്‍ക്കാരും ഡി ജി പിയും തമ്മിലുളള അന്തരം വര്‍ധിക്കുമെന്നതാണ് സത്യം. ഭരണത്തലവനായ മുഖ്യമന്ത്രിക്കും സര്‍ക്കാരിന്റെ ഉദ്യോഗസ്ഥത്തലപ്പത്തുളള ചീഫ് സെക്രട്ടറിക്കും അപ്രിയനായ സെന്‍കുമാര്‍ ഡി ജി പി സ്ഥാനത്തേക്ക് വരുന്നത് ഭരണത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരുമായി പ്രശ്നങ്ങളില്ലാതെ പോകണമെന്നാണ് സെന്‍കുമാറിന്റെ നിലപാട്.
സെന്‍കുമാറിനെ ബിജെപിക്കാരനായി മുദ്രകുത്തിയ മുഖ്യമന്ത്രി, തനിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന് സെന്‍കുമാര്‍ ആരോപിക്കുന്ന ചീഫ് സെക്രട്ടറി. ഇവര്‍ രണ്ടുപേരും തലപ്പത്തുളള സംസ്ഥാനത്തേക്കാണ് സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്ക്കുന്നത്. തന്റെ നിയമനം നീട്ടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നളിനീ നെറ്റോയുടെ നിര്‍ദേശപ്രകാരമാണെന്ന വികാരം സെന്‍കുമാറിനുണ്ട്. പെട്ടെന്ന് നിയമനം കിട്ടുമെന്ന് കരുതിയവരാണ് നിരാശപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സെന്‍കുമാറിനോടുളള അതൃപ്തി മറച്ചുവെച്ചില്ല.
സുപ്രീംകോടതി ഉത്തരവോടെ സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് മടങ്ങി വരുമ്പോള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒരുഭാഗത്തും സെന്‍കുമാര്‍ മറുഭാഗത്തുമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയിലൂടെ പൊലീസിനെ നിയന്ത്രിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. കൂടാതെ തന്റെ വിശ്വസ്ഥനായ ടോമിന് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ നിയന്ത്രണം സെന്‍കുമാറിന് മാത്രമായിരിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ പിണറായി വിജയന്‍ നല്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് പറയുന്ന സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയോടുളള വൈരാഗ്യം മറച്ചുവെക്കുന്നുമില്ല. കഴിഞ്ഞദിവസം മീഡിയവണ്‍ വ്യൂപോയിന്റിലടക്കം നളിനി നെറ്റോക്കെതിരെ സെന്‍കുമാര്‍ പറഞ്ഞതും ഇതിനുദാഹരണമാണ്. ഡിജിപിയായി ചുമതലയേല്ക്കുന്നതോടെ, തനിക്കെതിരെ വ്യാജരേഖ ചമച്ചതിന് ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ കേസെടുക്കുമോയെന്ന ചോദ്യവും ഇത്തരത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
Adjust Story Font
16