Quantcast

മൂന്നാര്‍ പ്രസംഗം: എം എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

MediaOne Logo

Sithara

  • Published:

    11 May 2018 12:17 AM GMT

മൂന്നാര്‍ പ്രസംഗം: എം എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്
X

മൂന്നാര്‍ പ്രസംഗം: എം എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

മണിയുടെ പ്രസംഗം പരിശോധിച്ചെന്നും ക്രിമിനല്‍ നടപടി സാധ്യമല്ലെന്ന് നിയമോപദേശം ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി

പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാന്‍ കഴിയുന്ന കുറ്റകൃത്യം മണി ചെയ്തിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതിനിടെ മണിക്കെതിരെ ഹൈക്കോടതിയിൽ പരാതി നല്‍കിയതിന് പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ജോര്‍ജ് വട്ടുകുളം പറഞ്ഞു.

തൃശൂരിലെ പൊ‌തുപ്രവര്‍ത്തകനായ ജോര്‍‌‍ജ് വട്ടുകുളം മന്ത്രി എം എം മണിയുടെ പ്രസംഗത്തില്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ പൊലീസിന് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാവുന്ന കുറ്റകൃത്യം നടന്നിട്ടില്ലെന്ന് വെളിവായതായും പറയുന്നു. ഒപ്പം പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും നിയമോപദേശം ലഭിച്ചിട്ടുള്ളതായും പൊലീസ് വിശദീകരിച്ചു.

ഇതിനിടെ തനിക്ക് പൊലീസില്‍ നിന്ന് ഭീഷണിയുള്ളതായി ജോര്‍ജ് വട്ടുകുളം പരാതി നല്‍കി. ഇന്നലെ ഒരു സംഘം പൊലീസ് വീട്ടിലെത്തി ഭാര്യയെയും കുട്ടികളെയും നിര്‍ബന്ധിച്ച് വിവിധ പേപ്പറുകളില്‍ ഒപ്പിടീക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

TAGS :

Next Story