കശാപ്പ് നിരോധം; സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും
കശാപ്പ് നിരോധം; സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും
സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കൈകടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്
കന്നുകാലികളെ ഇറച്ചിക്കായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മറികടക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും. സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കൈകടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
കന്നുകാലികളെ വില്ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിനും കേന്ദ്രമേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുളള കൈകടത്തലുമാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ കേന്ദ്രതീരുമാനം മൂലമുളള പ്രതിസന്ധി മറികടക്കുന്നതിനുളള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ ആലോചിക്കുന്നത്. രണ്ടു സാധ്യതകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുളളത്. ഒന്ന് സുപ്രീം കോടതിയെയോ ഹൈകോടതിയെയോ സമീപിക്കുക. അല്ലെങ്കില്‍ കേന്ദ്ര ഉത്തരവ് മറികടക്കുന്നതിനായി നിയമനിര്‍മാണം നടത്തുക. ഇതില്‍ ഏത് വേണമെന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. സര്‍വകകക്ഷി യോഗത്തിന്റെ തീയതി സംബന്ധിച്ചും മന്ത്രിസഭാ തീരുമാനമെടുക്കും. വേണ്ടി വന്നാല്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം തന്നെയാകും പ്രതിപക്ഷവും നിലകൊളളുക.
Adjust Story Font
16