Quantcast

എജിയുടെ നിയമോപദേശം തോമസ് ചാണ്ടിക്കെതിര്

MediaOne Logo

Sithara

  • Published:

    11 May 2018 5:21 AM GMT

കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ട്. കയ്യേറ്റം സ്ഥിരീകരിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് എജിയുടെ നിയമോപദേശം

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ സാധൂകരിച്ച് എജിയുടെ നിയമോപദേശം. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നുമാണ് എജി സി പി സുധാകര പ്രസാദിന്‍റെ നിയമോപദേശം.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് ഭൂമി കൈയ്യേറിയെന്നും നിലം നികത്തിയെന്നുമുള്ള കലക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് പറയുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. ഹൈകോടതി വിധിവരുന്നത് വരെ കാത്തിരിക്കണോ എന്നതും സര്‍ക്കാരിന് തീരുമാനിക്കാമെന്നും എജി പറഞ്ഞു.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. റിസോര്‍ട്ടിന് സമീപത്തെ നീര്‍ച്ചാല്‍ വഴി തിരിച്ചുവിട്ടു. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചതും നിയമം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് തോമസ് ചാണ്ടിയുടേതെന്നാണ് കലക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് എജി സാധൂകരിച്ചത് തോമസ് ചാണ്ടിക്ക് തിരിച്ചടിയാണ്.

TAGS :

Next Story