വലതു 'കോട്ട'യം
വലതു 'കോട്ട'യം
സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനായി ഉലയാതെ ഒപ്പം നിന്നു കോട്ടയം ജില്ല.
സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനായി ഉലയാതെ ഒപ്പം നിന്നു കോട്ടയം ജില്ല. ഒമ്പത് മണ്ഡലങ്ങളില്‍ ആറെണ്ണം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കഴിഞ്ഞ തവണ വിജയിച്ച രണ്ടു സീറ്റുകള്‍ ഇടതുമുന്നണി നിലനിര്‍ത്തി. സംസ്ഥാനത്തെ ഏക സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ജയവും കോട്ടയത്താണ്.
ഇടതുമുന്നണി അട്ടിമറികള്‍ പ്രതീക്ഷിച്ച കോട്ടയത്ത് എന്നാല്‍ കഴിഞ്ഞ തവണത്തെ രണ്ടു സീറ്റില്‍ തന്നെ ഒതുങ്ങേണ്ടി വന്നു. വൈക്കത്ത് സിപിഐ സ്ഥാനാര്‍ഥി സികെ ആശ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ സനീഷ് കുമാറിനെ 24,584 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐയുടെ സീറ്റ് നിലനിര്‍ത്തി. ത്രികോണ മല്‍സരം നടന്ന ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കെ സുരേഷ് കുറുപ്പ് ഭൂരിപക്ഷം വര്‍ധിപ്പിച്ച് 8,899 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ തോല്‍പ്പിച്ചത്. പാലായിലും, ചങ്ങനാശേരിയിലും, കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫിന് മല്‍സരം കാഴ്ചവെയ്ക്കാനായി. എന്നാല്‍ കെഎം മാണിയോട് മാണി സി കാപ്പന്‍ 4703 വോട്ടുകള്‍ക്കാണ് പൊരുതി തോറ്റത്.
ചങ്ങനാശേരിയില്‍ സിഎഫ് തോമസിനെ വിറപ്പിക്കാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ ഡോ. കെസി ജോസഫിനായി. കഴിഞ്ഞ തവണത്തേതില്‍നിന്നും ഭൂരിപക്ഷം കുറഞ്ഞ് 1849 വോട്ടുകള്‍ക്കാണ് സിഎഫ് തോമസിന്‍റെ ജയം. കാഞ്ഞിരപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ഥി വിബി ബിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 3890 വോട്ടുകള്‍ക്കാണ് ഡോ.എന്‍ ജയരാജിനോട് പരാജയമറിഞ്ഞത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. 31411 വോട്ടുകള്‍. ഉമ്മന്‍ ചാണ്ടിക്ക് 27,092 വോട്ടുകളുടെ ഭൂരിപക്ഷം പുതുപ്പള്ളി സമ്മാനിച്ചപ്പോള്‍, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വമ്പന്‍ വിജയമാണ് നേടിയത്. 33,632 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ ആധികാരിക ജയം. ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തകിടംമറിച്ചാണ് പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പിസി ജോര്‍ജിന്‍റെ ജയം. എട്ടാം തവണ ഇതുവരെ സമ്മാനിച്ചതില്‍ ഏറ്റവും വലിയ ഭൂരിപക്ഷമായ 27,821 വോട്ടുകള്‍ നല്‍കിയാണ് പൂഞ്ഞാര്‍ പിസിയെ നിയമസഭയിലെത്തിക്കുന്നത്. വോട്ട് ശതമാനത്തില്‍ ഒമ്പത് മണ്ഡലങ്ങളിലും എന്‍ഡിഎ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
Adjust Story Font
16