ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും,മുന്‍ ഉത്തരവ് കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മീഷണര്‍
ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍ ഉത്തരവ് കര്‍ശനമാക്കില്ലെന്നും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു
ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി തിരുത്തി. പുതിയ ഉത്തരവ് അനുസരിച്ച് ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും പെട്രോള്‍ ലഭിക്കും.സര്‍ക്കാരിന്റെ താത്പര്യം പരിഗണിച്ച് ബോധവത്ക്കരണം നടത്തിയതിന് ശേഷം കര്‍ശന നടപടി സ്വീകരിക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നീക്കം.
ഓഗസ്റ്റ് ഒന്നിന് ശേഷം ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ലന്ന ഉത്തരവ് മയപ്പെടുത്തണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ താത്പര്യപ്രകാരമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നടപടി.പുതിയ ഉത്തരവ് അനുസരിച്ച് ഓഗസ്റ്റ് ഒന്നുമുതല്‍ പരിശോധന നടത്തി ബോധവത്ക്കരണം നടത്താനാണ് തീരുമാനം.ഒപ്പം ഹെല്‍മറ്റില്ലാത്തവര്‍ക്കെതിരെ നിലവിലെ മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാ നടപടികളും സ്വീകരിക്കും.രണ്ടാം ഘട്ടത്തില്‍ മാത്രമേ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കൂ.ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്ക് പെട്രോള്‍ പമ്പുകളുമായി സഹകരിച്ച് സമ്മാനകൂപ്പണുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഓരോ പമ്പുകളിലേയും കൂപ്പണുകള്‍ നറുക്കെടുത്ത് ആദ്യ മൂന്ന് സമ്മാന ജേതാക്കള്‍ക്ക് മൂന്ന് ലിറ്റര്‍ പെട്രോള്‍ വീതം നല്‍കുമെന്നാണ് ടോമിന്‍ ജെ.തച്ചങ്കരിയുടെ പുതിയ വാഗ്ദാനം.ഗതാഗത മന്ത്രിക്ക് പുറമേ സര്‍ക്കാരിന്റെ കൂടി ഇടപെടലിനെത്തുടര്‍ന്നാണ് കര്‍ശന പരിഷ്ക്കാരത്തില്‍ നിന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പിന്നോക്കം പോയതെന്നാണ് സൂചന.
Adjust Story Font
16